കൊച്ചി : അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ബസിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു അഭിജിത്ത്.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് അഭിജിത്തും സംഘവും അസമില്‍ കുടുങ്ങുകയായിരുന്നു. മടങ്ങിവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അഭിജിത്ത് എന്നാണ് വിവരം. കേരളത്തില്‍ നിന്നും പോയ നിരവധി ബസുകള്‍ അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ ഇതിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യിക്കാനായി പെരുമ്പാവൂരില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പുറപ്പെട്ട ബസുകളും ഇക്കൂട്ടത്തില്‍ ഉണ്ട്. തൃശൂരില്‍ നിന്നുളള ബസ് ഡ്രൈവറായ നജീബ് കെ.പി. (48) ബംഗാളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞമാസം മരിച്ചിരുന്നു.