പാലക്കാട് : സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ച പാസഞ്ചര്‍ ട്രെയിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാമെന്നു റെയില്‍വേ. കോവിഡിനു ശേഷമുള്ള റെയില്‍വേയുടെ പ്രവര്‍ത്തനത്തെക്കുറിച്ചു പഠനം പൂര്‍ത്തിയായപ്പോഴാണ് ഈ ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയത്. റെയ്ക്കുകള്‍ ലഭ്യമാണെങ്കില്‍ മുന്‍കൂട്ടി തുക അടച്ചാല്‍ ട്രെയിന്‍ ഓടും. ലാഭവും നഷ്ടവും സംസ്ഥാനങ്ങള്‍ക്കുള്ളതാണ്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെ അധ്യക്ഷനായ ബിബേക് ദിബ്രോയിയുടെ നേതൃത്വത്തിലുള്ള സമിതി നേരത്തെ നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം വിവിധ സോണുകളില്‍ നിന്നു ലഭിച്ച അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താണു റെയില്‍വേ പുതിയ റിപ്പോര്‍ട്ട് തയാറാക്കിയത്.
ഡിവിഷന്‍ ആസ്ഥാനങ്ങളില്‍ നിന്നുവരെ ലഭിക്കുന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ട്രെയിനുകളും സ്റ്റേഷന്‍ വികസന പദ്ധതികളും നടപ്പാക്കുന്ന രീതി തുടരില്ല. സ്‌പെഷല്‍ ട്രെയിനുകള്‍ സംസ്ഥാനങ്ങളുടെ ചുമതലയിലാക്കണം. അവധിക്കാല സ്‌പെഷല്‍ ട്രെയിനുകള്‍ ഇല്ല. താത്കാലികമായി സര്‍വീസ് തുടങ്ങി ടിക്കറ്റ് വില്‍പനയുടെ തോതു നോക്കി നിലനിര്‍ത്തുന്നതും അവസാനിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കും ട്രെയിന്‍ തുടങ്ങാം. മുനിസിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കു ടിക്കറ്റ് തുക നേരത്തെ പിരിച്ചെടുത്തു നല്‍കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ഓടിക്കും.
വരുമാനം വര്‍ധിപ്പിക്കാന്‍ ചരക്കു നീക്കത്തിനാണു റെയില്‍വേ പ്രാധാന്യം നല്‍കുന്നത്. ലോക്ഡൗണില്‍ പ്രധാന റെയില്‍വേ വര്‍ക്ക്‌ഷോപ്പുകളില്‍ നിര്‍മിച്ചത് ചരക്ക് നീക്കത്തിനാവശ്യമായ ബോഗികളായിരുന്നു. ട്രെയിലറുകളും ട്രക്കുകളും കയറ്റുന്ന റോ-റോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ദക്ഷിണ റെയില്‍വേയിലും ഉടന്‍ ആരംഭിക്കും.