തിരുവനന്തപുരം: ഡിസംബര്‍ 31, 2024: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെയും (ഐ.കെ.എം) കെ-സ്മാര്‍ട്ടിന്റെയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെയും വളര്‍ച്ചയേയും അഭിനന്ദിച്ച് പ്രശസ്ത സാങ്കേതിക വിദഗ്ധനും ആധാര്‍, യു.പി.ഐ, ഇന്ത്യ സ്റ്റാക്ക് എന്നിവയുടെ മുന്‍ ചീഫ് ആര്‍ക്കിടെക്റ്റുമായ ഡോ. പ്രമോദ് വര്‍മ്മ. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റുവര്‍ക്ക് (കെഫോണ്‍) ആസ്ഥാനം സന്ദര്‍ശിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഭരണകാര്യങ്ങളില്‍ നൂതന സാങ്കേതികരീതികള്‍ ഫലപ്രദമായി നടപ്പാക്കിക്കൊണ്ടുള്ള ഐ.കെ.എമ്മിന്റെ 25 വര്‍ഷക്കാലത്തെ യാത്രയെ ഡോ. വര്‍മ അഭിനന്ദിച്ചു. ഭരണ കാര്യങ്ങളില്‍ സുതാര്യത ഉറപ്പാക്കുകയും ഒപ്പം പൊതുജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ ഇ.ആര്‍.പി പ്ലാറ്റ്ഫോമായ കെ-സ്മാര്‍ട്ട് നെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. കെഫോണ്‍ പോലുള്ള പദ്ധതികള്‍ ശക്തമായ ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പാക്കിക്കൊണ്ട് ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെ-സ്മാര്‍ട്ട് പോലുള്ള നൂതന സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്തുകൊണ്ട് കഴിഞ്ഞ 25 വര്‍ഷങ്ങളായി നിലകൊള്ളുന്ന ഐ.കെ.എം പോലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്ലാറ്റ്ഫോമുകള്‍ ഏവര്‍ക്കും ഏറെ പ്രചോദനം നല്‍കുന്ന ഒന്നാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ അനായാസേനയും സുതാര്യത ഉറപ്പാക്കിക്കൊണ്ടും പൗരന്മാര്‍ക്ക് ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് ഭരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടാക്കുന്നത്. കെഫോണ്‍ പോലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കൂടി ഇവയ്ക്കൊപ്പം ചേരുന്നതിലൂടെ ഡിജിറ്റലി ശാക്തീകരിക്കപ്പെട്ട ഒരു സമൂഹത്തിലേക്കുള്ള വഴിതെളിയ്ക്കുകയാണെന്നും ഡോ. വര്‍മ പറഞ്ഞു.
ഭരണചക്രത്തെ സാങ്കേതികവിദ്യയാല്‍ ശക്തിപ്പെടുത്തുവാനുള്ള ഞങ്ങളുടെ പരിശ്രമങ്ങളുടെ മുന്നില്‍നില്‍ക്കുന്നത് കെ-സ്മാര്‍ട്ടാണ്. ഡോ. വര്‍മയുടെ ഈ അനുമോദനം, ഡിജിറ്റല്‍ ഇന്നോവേഷനിലും ഗവേണന്‍സിലും കേരളത്തെ ഒന്നാമതെത്തിക്കാനുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി കാണുന്നുവെന്നും കെഫോണ്‍ മാനേജിംഗ് ഡയറക്ടറും ഐ.കെ.എം സിഎംഡി & ഇഡി ഇന്‍ ചാര്‍ജുമായ ഡോ. സന്തോഷ് ബാബു ഐഎഎസ് (റിട്ട.) പറഞ്ഞു. കേരള സര്‍ക്കാറിന്റെ സ്വപ്ന പദ്ധതികളൊന്നായ കെ ഫോണ്‍, വീടുകളിലും സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങിലും അതി വേഗ ഇന്റര്‍നെറ്റ് സേവനം ഉറപ്പുനല്‍കിക്കൊണ്ട് കെ-സ്മാര്‍ടിനെ പിന്തുണയ്ക്കുകയാണ്. കെ-സ്മാര്‍ടും കെഫോണും ഒരുമിച്ച് ചേര്‍ന്ന് കേരളത്തിന്റെ ഡിജിറ്റല്‍ ഭാവിയെ പുനര്‍നിര്‍വചിക്കുകയും എല്ലാ വിഭാഗത്തിലുമുള്ള പൗരന്മാരെയും ഉള്‍ക്കൊള്ളിക്കും വിധം ലളിതവും അനായാസവുമായ ഭരണ നടപടികള്‍ ഉറപ്പാക്കുകയും ചെയ്യുന്നു.