ആലപ്പുഴ: കേരളത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യത്തെ നെൽവിത്ത് വിതയ്ക്കൽ പരീക്ഷണം വിജയം. സംഭവത്തിന്റെ വീഡിയോ സഹിതം കൃഷി മന്ത്രി പി പ്രസാദാണ് ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്. കാർഷിക ഡ്രോണിൽ സീഡ് ബ്രോഡ്കാസ്റ്റര്‍ യൂണിറ്റ് (Seed Broadcaster Unit) ഘടിപ്പിച്ചാണ് ഡ്രോൺ സീഡര്‍ (Drone Seeder) പരീക്ഷിച്ചത്. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ചക്കംകരി പാടശേഖരത്തിലാണ് റാര്‍സ്(RARS) മങ്കോമ്പും, കൃഷി വിജ്ഞാന (KVK) കോട്ടയം കേന്ദ്രവും സംയുക്തമായി പരീക്ഷണവിത നടത്തിയത്. 20 മിനുട്ടിൽ ഒരേക്കറിൽ വിത്ത് വിതയ്ക്കാൻ സാധിക്കും എന്നതാണ് ഡ്രോൺ സീഡറിന്റെ ഏറ്റവും വലിയ പ്രത്യേകത. വിസ്തൃതി കൂടിയ പാടശേഖരങ്ങൾക്ക് അനുയോജ്യമാണ് ഈ രീതി. അടുത്തിടെ ഓണം മുന്നിൽ കണ്ട് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ഓണക്കാല പൂകൃഷി ആരംഭിച്ചത് വാര്‍ത്തയായിരുന്നു. ചേർത്തലയിലെ കച്ചിക്കാരൻ ജംഗ്ഷനിലെ മന്ത്രിയുടെ വീട്ടിലാണ് ഓണക്കാല പൂകൃഷിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞവർഷവും മന്ത്രി വീട്ടിൽ പൂ കൃഷിയും പച്ചക്കറി കൃഷിയും നടത്തിയിരുന്നു. ഓണത്തിന് നൂറുമേനി വിളവാണ് നേടിയത്.
ഇക്കുറിയും ഓണവിപണി ലക്ഷ്യമിട്ട് മന്ത്രി കൃഷി ആരംഭിച്ചത്. പൂ കൃഷി ലാഭകരമായ കൃഷിയാണെന്നും ഓണത്തിന് നല്ല വില കിട്ടുമെന്നും മന്ത്രി പറഞ്ഞു. ഇതിനൊപ്പം ചെയ്യുന്ന പച്ചക്കറി കൃഷിയെ കീട ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാനും ജണ്ട് മല്ലി കൃഷിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, നഗരസഭ വൈസ് ചെയർമാൻ ടി എസ് അജയകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന ഷാബു, ഓമന ബാനർജി, ഗീത കാർത്തികേയൻ, ജി ശശികല, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ സാബു, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശോഭാ ജോഷി, കെ ഉമയാക്ഷൻ ബൈരഞ്ജിത്ത്, കെ ബി വിമൽറോയ്, കർഷകരായ വി പി സുനിൽ, വി എസ് ബൈജു തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.