തിരുവനന്തപുരം : കാലാവസ്ഥയുടെ കാര്യം പറയാനാകാത്ത സ്ഥിതിയാണിപ്പോൾ, നല്ല വെയിൽ പൊടുന്നനെ മാറി മഴ പെയ്യാം മഴക്കാലത്ത് അപ്രതീക്ഷിതമായി അതിതീവ്രമഴ പെയ്യാം, കാലാവസ്ഥയെ കുറിച്ച് സംസാരിക്കാതെ ഒരു ദിവസം മുന്നോട്ട് പോകാത്ത നിലയിലെത്തി കേരളം. അതുകൊണ്ടുതന്നെ യാത്രയ്ക്കിറങ്ങുമ്പോൾ വെയിലായലും മഴയായാലും കുടയും വെള്ളവുമൊക്കെ എടുക്കുന്ന സ്ഥിതിയിലായി. എവിടെയെങ്കിലും പോകണമെങ്കിൽ അവിടെ മഴയായിരിക്കുമോ എങ്ങനെയാകും കാലാവസ്ഥ എന്നൊന്നും ഉറപ്പിച്ചു പറയാൻ പഴയകാല അനുഭവങ്ങൾ മാത്രം പോര എന്ന സ്ഥിതിയിലായിരിക്കുന്നു കാര്യങ്ങൾ അത്തരം ബദ്ധപ്പാടുകൾക്ക് പരിഹാരമാകുന്നു.
ഒരു പുതിയ സ്ഥലം സന്ദർശിക്കുമ്പോൾ കാലാവസ്ഥ എങ്ങനെ മാറുമെന്ന് പരിശോധിക്കണോ? എങ്കിൽ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അതത് സമയത്തെ ഉൾക്കാഴ്ച നൽകുന്ന ഒരു പുതിയ കാലാവസ്ഥാ ആപ്ലിക്കേഷൻ (weather application) കേരളത്തിൽ വരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (Institute for Climate Change studies ) പുറത്തിറക്കുന്ന പുതിയ മൊബൈൽ ആപ്പ് (mobile app), തീവ്രമായ മഴയ്ക്കും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള സംഭവങ്ങൾ മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ ശേഷിയുള്ളതാണ്. ദുരന്തനിവാരണ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി എൻവയോൺമെന്റിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ഈ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു.
കേരള സ്റ്റാർട്ട് അപ്പ് മിഷനാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾക്കുള്ള പ്രധാനകാരണങ്ങളിലൊന്നായ നിർദ്ദിഷ്ട സ്ഥലത്ത് പെയ്ത സഞ്ചിത മഴയെ (cumulative rainfall) അടിസ്ഥാനമാക്കിയായിരിക്കും ആപ്പ് മുന്നറിയിപ്പ് നൽകുക. അതിതീവ്ര മഴയുടെ കൃത്യമായ പ്രാദേശിക പ്രവചനം വളരെക്കാലമായി വെല്ലുവിളിയാണ്. സമയബന്ധിതവും പ്രാദേശികവുമായ മുന്നറിയിപ്പുകൾ നൽകുന്നതിന് ഭൂമിയിൽ നിന്ന് ശേഖരിക്കുന്ന മഴയളവുകൾ വച്ചുള്ള നിരീക്ഷണങ്ങളും ഉപഗ്രഹ ഡാറ്റയും സംയോജിപ്പിച്ച് ആ വിടവ് നികത്തുക എന്നതാണ് പുതിയ ആപ്ലിക്കേഷൻ ലക്ഷ്യമിടുന്നത്.