തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴയുടെ തീവ്രത കുറയാൻ സാധ്യത. ഇന്ന് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെങ്കിലും, വരും ദിവസങ്ങളിൽ മഴയുടെ തോത് കുറഞ്ഞേക്കും. അതേസമയം, മധ്യ-തെക്കൻ ജില്ലകളിൽ സാധാരണ രീതിയിലുള്ള മഴയാണ് ലഭിക്കുന്നത്. നിലവിൽ, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി വടക്കൻ ആന്ധ്രപ്രദേശിന് സമീപത്തേക്ക് നീങ്ങിയിട്ടുണ്ട്. കൂടാതെ, മൺസൂൺ പാത്തിയുടെ സ്ഥാനം കേരള തീരത്ത് നിന്നും കർണാടക തീരത്തേക്ക് മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മഴയുടെ തീവ്രത കുറയാൻ സാധ്യത.
മഴ നേരിയ തോതിൽ പിൻവലിയുമെങ്കിലും വടക്കൻ ജില്ലകളിൽ വൈകിട്ടും രാത്രിയും മഴ ഉണ്ടാകുന്നതാണ്. മധ്യ ജില്ലകളിലെ മലയോര മേഖലകളിൽ ഉച്ചയ്ക്കുശേഷമാണ് മഴ അനുഭവപ്പെടുക. ഈ മേഖലകളിൽ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, കേരള തീരത്തിന് അനുകൂലമായി മൺസൂൺ പാത്തി സജീവമാകുകയാണെങ്കിൽ, മഴ വീണ്ടും ശക്തമാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. തോരാതെ പെയ്യുന്ന മഴയും, കടലാക്രമണവും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.