പത്തനംതിട്ട : കേരളത്തിലെ ചെറുകിട വ്യാപാരമേഖല വന്‍ പ്രതിസന്ധിയില്‍. ഇപ്പോഴുള്ള പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ മിക്ക വ്യാപാരികള്‍ക്കും കഴിയില്ല. ഉയര്‍ന്ന വാടകയും ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാര്‍ജ്ജും ബാങ്കുകളുടെ കൊള്ളപ്പലിശയും തരണം ചെയ്യുവാന്‍ കഴിയാതെ പലരും തളര്‍ന്നുകഴിഞ്ഞു. ജീവനക്കാരുടെ ശമ്പളവും കടയുടെ ദൈനംദിന പ്രവര്‍ത്തന ചിലവുകളും കുത്തനെ കയറി. ജനങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തെ കൂടുതല്‍ ആശ്രയിക്കുന്നതും ചെറുകിട വ്യാപാരികള്‍ക്ക് തിരിച്ചടിയായി. കൂടാതെ അടിക്കടി വര്‍ധിപ്പിക്കുന്ന ടാക്സുകളും വിവിധ ലൈസന്‍സ് ഫീസുകളും ചെറുകിട വ്യാപാരികളുടെ നടുവൊടിച്ചു. ചെറിയ പാകപ്പിഴകള്‍ക്കുപോലും വന്‍തുകയാണ് ജി.എസ്.ടി വകുപ്പ് പിഴയായി ഈടാക്കുന്നത്. ഇതൊക്കെ അടക്കണമെങ്കില്‍ സ്വന്തം ശരീരത്തിലെ പല അവയവങ്ങളും വില്‍ക്കേണ്ട അവസ്ഥയിലാണ് പല വ്യാപാരികളും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യാപാരികളെ കുലശത്രുക്കളെപ്പോലെയാണ് കാണുന്നത്. എന്നാല്‍ വന്‍കിട കമ്പനികളോടും കോര്‍പ്പറേറ്റുകളോടും മൃദുസമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്.
ഫുഡ് ആന്‍ഡ് സേഫ്ടിയുടെ പേരില്‍ പല വ്യാപാരികളും പീഡിപ്പിക്കപ്പെടുകയാണ്. ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി മായം ചേര്‍ക്കുന്നത് തടയുവാന്‍ നിര്‍മ്മാണ സ്ഥലത്തോ പാക്ക് ചെയ്യുന്ന വേളയിലെ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറല്ല. പകരം പെട്ടിക്കടകളിലും പലചരക്ക് കടകളിലും തുടരെ കയറി ചെറുകിട വ്യാപാരികളെ പേടിപ്പിച്ച് പതിനായിരങ്ങള്‍ ഫൈന്‍ ഈടാക്കും. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ പേരില്‍ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ് കേരളത്തില്‍ പലയിടത്തും നടക്കുന്നത്. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിര്‍മ്മാണവും വിതരണവും തടയാന്‍ ഫലപ്രദമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരോ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായ ഉദ്യോഗസ്ഥരോ താല്‍പ്പര്യം കാണിക്കുന്നില്ല. പകരം നിത്യചെലവിനു പണിയെടുക്കുന്ന വ്യാപാരികളെ എങ്ങനെയും ദ്രോഹിക്കുക, പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥര്‍ നീങ്ങുന്നത്.
ദിനംപ്രതി നൂറുകണക്കിന് വ്യാപാരികളാണ് കച്ചവടം ഉപേക്ഷിക്കുന്നത്. ഇതോടെ തൊഴില്‍ രഹിതരാകുന്നവരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നഗര – ഗ്രാമ വ്യത്യാസമില്ലാതെ എവിടെയും അടഞ്ഞുകിടക്കുന്ന കടമുറികളാണ് കാണുവാന്‍ കഴിയുന്നത്. ഇതോടെ കെട്ടിടങ്ങള്‍ വാടകക്കു നല്കുന്നവരും പ്രതിസന്ധിലായി. മുമ്പ് വന്‍തുക വാടകയും സെക്യൂരിറ്റിയും വാങ്ങിയിരുന്ന പലരും സെക്യൂരിറ്റി ഇല്ലാതെ കുറഞ്ഞവാടകക്ക് കടമുറികള്‍ കൊടുക്കുവാന്‍ തയ്യാറാണെങ്കിലും ഇപ്പോള്‍ കടമുറികള്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ്. ഇതോടെ വാടകയ്ക്ക് കെട്ടിടം നല്‍കുന്നവരും കടുത്ത പ്രതിസന്ധിയിലായി. എവിടെനോക്കിയാലും അടഞ്ഞ കടമുറികളും TO LET ബോര്‍ഡുകളും കാണാം.
കേരളത്തിലെ ജനങ്ങളുടെ കയ്യിലുള്ള പണം വമ്പന്‍ ഷോറൂമുകളിലൂടെയും മാളുകളിലൂടെയും ചെന്നെത്തുന്നത് കുത്തക കമ്പനികളുടെ കയ്യിലേക്കാണ്. ഈ പണമൊക്കെ കേരളത്തിനു പുറത്തേക്കാണ് ഒഴുകുന്നത്. വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഇവര്‍ കേരളത്തില്‍ ചെലവഴിക്കുന്നത്. ഇത് കേരളത്തിന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചുകഴിഞ്ഞു. ഇതിന്റെ പരിണിതഫലങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണുവാന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ ഉറക്കമുണര്‍ന്ന് അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കേരളത്തിലെ സാമ്പത്തിക രംഗം അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടിവരും.