തൃശ്ശൂര്‍: തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പാള്‍ സ്ഥാനം ജയദേവന്‍ രാജി വെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പാള്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിഞ്ഞത്. രാജി സംബന്ധിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി.
എ വിജയരാഘവന്റെ ഭാര്യ പ്രൊഫ. ബിന്ദുവിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചത്. പ്രിന്‍സിപ്പാളിന്റെ അധികാരം വൈസ് പ്രിന്‍സിപ്പാളിന് വീതിച്ച് നല്‍കിയിരുന്നു. കേരളവര്‍മ്മയില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കുന്നത്.
ഏഴ് വര്‍ഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് പ്രിന്‍സിപ്പാള്‍ സ്ഥാനമൊഴിയുന്നത്. വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് പ്രിന്‍സിപ്പാള്‍ കത്തില്‍ ചോദിച്ചിട്ടുണ്ട്. തന്നോട് കൂടിയാലോചിക്കാതെയാണ് വൈസ് പ്രിന്‍സിപ്പാളിനെ നിയമിച്ചത്. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കും. ഈ സാഹചര്യത്തില്‍ സ്ഥാനം ഒഴിയുന്നുവെന്നും ജയദേവന്‍ കത്തില്‍ പറയുന്നു. വിജയരാഘവന്റെ ഭാര്യയും തൃശ്ശൂര്‍ മുന്‍ മേയറുമായിരുന്ന ഡോ. ആര്‍. ബിന്ദുവിനെ തൃശ്ശൂര്‍ കേരള വര്‍മ കോളേജ് വൈസ് പ്രിന്‍സിപ്പലായി നിയമിച്ച നടപടി തുടക്കത്തില്‍ തന്നെ വിവാദത്തിലായിരുന്നു. ഒക്ടോബര്‍ 30നാണ് കേരള വര്‍മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസര്‍ ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.
സി.പി.എം. നിയന്ത്രണത്തിലുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള കോളേജില്‍ വൈസ് പ്രിന്‍സിപ്പല്‍ തസ്തിക പ്രത്യേകം സൃഷ്ടിച്ച് പ്രിന്‍സിപ്പലിന്റെ ചുമതലകള്‍ ബിന്ദുവിന് കൈമാറുകയായിരുന്നു. ചാലക്കുടി പനമ്പിളളി മെമ്മോറിയല്‍ ഗവ.കോളേജ്, വി.കെ. കൃഷ്ണമേനോന്‍ ഗവ.കോളേജ് കണ്ണൂര്‍ തുടങ്ങി കേരളത്തിലെ മറ്റു ചില കോളേജുകളിലും വൈസ് പ്രിന്‍സിപ്പല്‍ തസ്തികയുണ്ട്.
നിലവിലുളള ചുമതലകള്‍ക്ക് പുറമേ, ഭരണസമിതി നിശ്ചയിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കോളേജിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, വികസനപ്രവര്‍ത്തനങ്ങള്‍, കോളേജ് അക്രഡിറ്റേഷന്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും സംയുക്തമായി നിര്‍വഹിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
ഇതിന് പുറമേ കേളേജില്‍ കിഫ്ബി, ഡവലപ്പ്‌മെന്റ് ഫോറം, പി.ടി.എ. എന്നിവയുടെ സഹായത്തോടെ നടപ്പില്‍ വരുത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെയും എന്‍.ഐ.ആര്‍.എഫ്. , നാക് തുടങ്ങിയ അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങളുടെ സ്വതന്ത്ര ചുമതലകള്‍ കൂടി വൈസ് പ്രിന്‍സിപ്പലിന് നല്‍കിയാണ് ഉത്തരവ് പുറത്തിറങ്ങി യിരിക്കുന്നത്.
പകുതിയിലേറെ ചുമതലകള്‍ വൈസ് പ്രിന്‍സിപ്പലിന് നല്‍കുക വഴി പരീക്ഷാ നടത്തിപ്പും കോളേജിന്റെ നടത്തിപ്പും മാത്രമായി പ്രിന്‍സിപ്പലിന്റെ പദവി ചുരുങ്ങിയെന്നായിരുന്നു ആക്ഷേപം. ഇല്ലാത്ത തസ്തിക സൃഷ്ടിക്കുക വഴി ചട്ടലംഘനമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടുന്നു.