ഡൽഹി : ലോക്ക് ഡൗൺ മൂലം ഡൽഹിയിൽ മലയാളി നഴ്സുമാർ കുടുങ്ങിക്കിടക്കുന്നു. മൂന്നു ഗർഭിണികൾ ഉൾപ്പടെ ഇരുപതോളം മലയാളികളാണ് പട്പട്ഗഞ്ചിലെ ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുന്നത്. നിലവിൽ ഇവർക്കാർക്കും ജോലി ഇല്ല. നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ലോക്ക്ഡൗൺ വന്നത്. നാട്ടിൽ നിന്നും വീട്ടുകാർ അയച്ചു നൽകുന്ന പണം മാത്രമാണ് ഇവർക്കിപ്പോൾ ആശ്രയം. നോർക്കയിൽ സഹായത്തിനായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും നഴ്സുമാർ പറയുന്നു.
അതിനിടെ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ. മുരളീധരൻ ആരോപിച്ചു. വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ എന്ന് നാട്ടിലെത്തിക്കുമെന്ന് സർക്കാർ വ്യക്തമാക്കണം. സംസ്ഥാന സർക്കാരിന് ഇതിന് കഴിഞ്ഞില്ലെങ്കിൽ ഇവരെ നാട്ടിലെത്തിക്കാൻ കോൺഗ്രസ് തയ്യാറാണ്. മുഖ്യമന്ത്രി അനുമതി നൽകുകയേ വേണ്ടുവെന്നും കെ. മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.