കൊച്ചി : കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക സംസ്ഥാന കമ്മറ്റി യോഗങ്ങളാണ് ചേർന്നുകൊണ്ടിരിക്കുന്നത്. ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ജോസഫ് വിഭാഗവുമായുള്ള ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സാധ്യത. ലയനത്തില്‍ തുടങ്ങിയ ചര്‍ച്ചകളാണ് വഴിപിരിയിലിന്റെ വക്കിലെത്തിച്ചത്. അനൂപ് ജേക്കബ് സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തത്.
ഇരു വിഭാഗവും എതിര്‍ വിഭാഗത്തിന്റെത് വിമതനീക്കമായാണ് ചിത്രീകരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ചാണ് പാർട്ടിയിൽ തർക്കം. ലയനം സംബന്ധിച്ച് ജോണി നെല്ലൂര്‍ നേരത്തെ തന്നെ ജോസഫുമായി ധാരണയിലെത്തിയിരുന്നു. സാങ്കേതിക നടപടി ക്രമത്തിന്റെ ഭാഗമായാണ് ഉന്നതാധികാര സമിതിയും സംസ്ഥാന കമ്മിറ്റിയും ചേരുന്നത്. നിയമനടപടികളുണ്ടായാല്‍ അതിനെ പ്രതിരോധിക്കുക കൂടിയാണ് ലക്ഷ്യം.
പാര്‍ട്ടിയിലെ പിളര്‍പ്പ് ജോണി നെല്ലൂരും അനൂപ് ജേക്കബും മനസുകൊണ്ട് ആഗ്രഹിക്കുന്നുണ്ടെന്നതാണ് സത്യം. പാര്‍ട്ടി ഭരണഘടന പ്രകാരം ചെയർമാനും ലീഡർക്കും തുല്യ അധികാരമാണുള്ളത്. പാർട്ടി ലീഡറുടെ അനുമതിയോടു കൂടി ചെയർമാൻ പ്രവർത്തിക്കണം എന്നും ഭരണഘടനയിലുണ്ട്. പിളര്‍പ്പ് യാഥാര്‍ഥ്യമാകുന്നതോടെ ഭരണഘടനയെ ചുറ്റിപറ്റിയായിരിക്കും തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍. ഇത് യുഡിഎഫ് നേതൃത്വത്തിനും തലവേദനയാകും.