ചെന്നൈ: കേരളം കൊവിഡ് 19നെതിരെ പട പൊരുതുന്ന അതേ മോഡലില്‍ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കി തമിഴ്നാട് സര്‍ക്കാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. പുറമേ 12 മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ടീമുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ലോക്ക് ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ പ്രചാരണ പരിപാടി ആരംഭിച്ചു. 2.10 ലക്ഷത്തോളം അന്തര്‍ദ്ദേശീയ യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി.
അവരില്‍ 77,330 പേര്‍ 28 ദിവസത്തേക്ക് വീടുകളില്‍ നിരീക്ഷണത്തിലാക്കി. കൂടാതെ വൃദ്ധര്‍, ഗര്‍ഭിണികള്‍, ശിശുക്കള്‍, എച്ച്.ഐ.വി ബാധിതര്‍, ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ എന്നിവരുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഓരോ ജില്ലയ്ക്കും വിശദമായ മൈക്രോ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി മൊബൈല്‍ ഹെല്‍ത്ത് ടീമുകള്‍ രൂപീകരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കുന്നതിനും നടപടികള്‍ ആരംഭിച്ചു. കൂടാതെ, സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 22,000 ഐസൊലേഷന്‍ വാര്‍ഡുകളും 5,934 ഐ.സിയുകളും ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ ഒമാന്തുരാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി, കോയമ്പത്തൂര്‍ ഇ.എസ്.ഐ മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവ പ്രത്യേക കൊവിഡ് 19 ആശുപത്രികളായി പ്രഖ്യാപിച്ചു. ഇതിനുപുറമെ, ഓരോ ജില്ലയിലും ഒരു ആശുപത്രി കണ്ടെത്തി കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന ഓരോ വ്യക്തിക്കും അണുബാധയെ ചെറുക്കുന്നതിന് പോഷകവും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണവും നല്‍കിവരികയാണ്. സംസ്ഥാനത്തുടനീളം പരീക്ഷണ സൗകര്യങ്ങള്‍ വിപുലീകരിച്ചു.