നെടുങ്കണ്ടം : തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ കേരള അതിര്‍ത്തി കടത്തി വിടാന്‍ തമിഴ് ഏജന്റുമാര്‍ രംഗത്ത്. 2500 മുതല്‍ 3000 രൂപ വരെയാണ് വാങ്ങുന്നത്. രണ്ടാഴ്ചയ്ക്കിടെ 10 പേരാണ് ഇത്തരത്തില്‍ തമിഴ്നാട്ടില്‍ നിന്ന് ഇടുക്കി ജില്ലയിലെത്തിയത്. കേരളത്തിലെ സ്പെഷല്‍ ബ്രാഞ്ചും തമിഴ്നാട്ടിലെ ക്യു ബ്രാഞ്ചും ഇതേപ്പറ്റി അന്വേഷണം തുടങ്ങി. ലോക്ഡൗണ്‍ മൂലം തമിഴ്നാട്ടില്‍ കുടുങ്ങിയവരും ഉദ്യോഗാര്‍ഥികളുമാണ് ഏജന്റുമാരുടെ സഹായത്തോടെ തമിഴ്നാട്ടില്‍ നിന്നു കാട്ടുവഴികളിലൂടെ ഇടുക്കി ജില്ലയില്‍ എത്തിയത്.
പണം നല്‍കിയാല്‍ അതിര്‍ത്തി കടക്കാനുള്ള പാസ് വരെ ഏജന്റുമാര്‍ ക്രമീകരിച്ചു നല്‍കും. ചാണകം, ചുണ്ണാമ്പ്, വൈക്കോല്‍, കപ്പ എന്നിവ കയറ്റിയ ലോറികളില്‍ അതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തിയ 6 പേരെ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്ന് മന്ത്രി എം. എം മണി നെടുങ്കണ്ടത്തെ അവലോകന യോഗത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് മന്ത്രി പോലീസിന് നിര്‍ദേശവും നല്‍കി.
ചെന്നൈയില്‍ നിന്നു വാഹനം വാടകയ്ക്കെടുത്ത് കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചെക്പോസ്റ്റിലെത്തിയവരെ ആരോഗ്യവകുപ്പും പോലീസും തടഞ്ഞിരുന്നു. ഇതോടെ ഇവര്‍ ഇടുക്കിയിലെ കമ്പംമേട്ട് ചെക്പോസ്റ്റ് വഴി കടക്കാനും ശ്രമം നടത്തി. ഇവിടെ ഇവരെ ആരോഗ്യവകുപ്പും പോലീസും ചേര്‍ന്നു പിടികൂടി നിരീക്ഷണത്തിലാക്കി. തമിഴ്നാട്ടിലെ പല ഭാഗങ്ങളില്‍ നിന്ന് ഇടുക്കിയിലേക്കു വരാന്‍ അനുമതി തേടി 100 പേര്‍ അതിര്‍ത്തി മേഖലയില്‍ കഴിയുന്നതായും ആരോഗ്യവകുപ്പിനു വിവരം ലഭിച്ചു.