തിരുവനന്തപുരം: കെവിന് വധക്കേസ് പ്രതിക്ക് ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സ്ഥലം മാറ്റാന്‍ ജയില്‍ ഡിഐജി ഉത്തരവിട്ടു.
മൂന്ന് ഡെപ്യൂട്ടി പ്രിസണ്‍ ഉദ്യോഗസ്ഥരെയാണ് അന്വേഷണവിധേയമായി സ്ഥലം മാറ്റാന്‍ ജയില്‍ ഡിഐജി നിര്‍ദേശിച്ചത്. പ്രതിയുടെ മെഡിക്കല്‍ രേഖകളടക്കം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കൈമാറും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജയില്‍ വകുപ്പിന്റെ നടപടി.
കേസിലെ ഒന്‍പതാം പ്രതി ടിറ്റോ ജെറോമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മര്‍ദ്ദനമേറ്റ തന്നെ ചികിത്സ നല്‍കാതെ ജയില്‍ അധികൃതര്‍ സെല്ലില്‍ അടച്ചുവെന്നും ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ പ്രതി വ്യക്തമാക്കിയിരുന്നു. ഈ പരാതിയിലാണ് കോടതി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും ജയില്‍ ഡിജിപി വ്യക്തമാക്കി.