പാലാ : ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയുടെ താക്കോല്‍ കാണാതായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ബഹളം. ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു. പതിവായി സൂക്ഷിച്ചിരുന്നിടത്ത് താക്കോല്‍ കാണാതായതോടെയാണ് നടപടികള്‍ വൈകിയത്.
പാലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനായി പോലീസും ബന്ധുക്കളും എത്തിയപ്പോഴാണ് മോര്‍ച്ചറിയുടെ താക്കോല്‍ ഇല്ലെന്ന കാര്യം അറിയുന്നത്. പതിവായി താക്കോല്‍ സൂക്ഷിക്കുന്നിടത്ത് പലരും പരതിയെങ്കിലും താക്കോല്‍ കണ്ടില്ല. ഇതിനിടയില്‍ മരിച്ചവരുടെ ബന്ധുക്കളില്‍ ചിലര്‍ പ്രതിഷേധ സ്വരമുയര്‍ത്തി.
വിവിധ സ്‌റ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കോവിഡ് പരിശോധനയ്ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പരിശോധന പൂര്‍ത്തിയാക്കി ഇന്ന് ഇന്‍ക്വസ്റ്റ് നടത്താനെത്തിയപ്പോഴാണ് താക്കോല്‍ കാണാതെ പോയത്. തുടര്‍ന്ന് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന ആളെ വിളിച്ച് വരുത്തി മോര്‍ച്ചറി തുറന്ന് നടപടികള്‍ പൂര്‍ത്തികരിച്ചത്. പതിവായി താക്കോല്‍ വയ്ക്കുന്ന സ്ഥലം മാറി പോയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.