കല്‍പ്പറ്റ : കഴിഞ്ഞ ദിവസം കുരങ്ങുപനി സ്ഥിരീകരിച്ച ഏഴുവയസുകാരന് രോഗം ഭേദമായതിന് പിന്നാലെ ഒരു സ്ത്രീ കൂടി ലക്ഷണങ്ങളോടെ ചികിത്സ തേടി. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ ബേഗൂര്‍ കോളനി നിവാസിയായ സ്ത്രീയാണ് പ്രത്യേക ചികിത്സാ കേന്ദ്രമായ സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരുടെ സാംപിള്‍ പരിശോധന ഫലം ബത്തേരിയിലെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ നിന്ന് ഇന്നോ അടുത്ത ദിവസങ്ങളിലോ ലഭിക്കും. അതേസമയം നേരത്തെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ ബേഗൂര്‍ കാട്ടുനായ്ക്ക കോളനിയിലെ 63 കാരിയുടെ സാംപിള്‍ പരിശോധനഫലം നെഗറ്റീവായി.
ദിവസങ്ങള്‍ക്കുമുമ്പേ രോഗം സ്ഥിരീകരിച്ച ബേഗൂര്‍ ചങ്ങലഗേറ്റ് കോളനിയിലെ ഏഴുവയസ്സുകാരന് രോഗം ഭേദമായി. മേപ്പാടിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്നവരെ മുന്‍കരുതലിന്റെ ഭാഗമായി 21 ദിവസം നിരീക്ഷിക്കും. ഈ വര്‍ഷം 29 പേര്‍ക്കാണ് ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. മൂന്നു പേര്‍ രോഗം ബാധിച്ചും ഒരാള്‍ രോഗലക്ഷണങ്ങളോടെയും മരിച്ചു. തിരുനെല്ലി പഞ്ചായത്തില്‍ നിന്നുള്ളവരാണ് രോഗബാധിതരില്‍ ഏറെയും. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലായി 12,569 പേര്‍ക്ക് കുരങ്ങുപനി പ്രതിരോധ കുത്തിവെപ്പ് നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പനി സര്‍വ്വേയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ പനിബാധിരാണെന്ന് കണ്ടെത്തിയത്.