കണ്ണൂർ : പയ്യാമ്പലത്ത് കെ.ജി മാരാർ സ്മൃതിമന്ദിരത്തിന് മുന്നിൽ നായയുടെ ജഡം കത്തിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് കത്തിക്കരിഞ്ഞനിലയിൽ നായയുടെ ജഡം കണ്ടെത്തിയത്. സംഭവത്തിൽ ബി.ജെ.പി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിനുപിന്നിൽ സാമൂഹികവിരുദ്ധരാണെന്നും ബി.ജെ.പി ആരോപിച്ചു.
ചത്തുകിടന്ന നായയെ സ്മൃതി മന്ദിരത്തിന് മുന്നിലിട്ട് വിറക് കൂട്ടി കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ പയ്യാമ്പലത്തെ നാലുപേരടങ്ങുന്ന സംഘമാണെന്ന് ബി.ജെ.പി നേതൃത്വത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. നേതൃത്വം പോലീസിനെ സമീപിച്ചേക്കും.
സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങളൊന്നും ബി.ജെ.പി ഉന്നയിച്ചിട്ടില്ല. അതേസമയം, കെ.ജി മാരാരുടെ സ്മൃതി മന്ദിരത്തിന് മുന്നിൽ കോവിഡ് രോഗികളെ സംസ്കരിക്കാൻ വിറകും മറ്റും കൂട്ടിയിട്ടതിൽ കണ്ണൂർ കോർപ്പറേഷനെതിരേ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത് ബോധപൂർവം ചെയ്തതെല്ലെന്നും കോവിഡ് മരണങ്ങൾ കൂടിയ സാഹചര്യത്തിൽ സംഭവിച്ചുപോയതാണെന്നുമായിരുന്നു കോർപ്പറേഷന്റെ വിശദീകരണം. സ്മൃതി മന്ദിരത്തിന് മുന്നിലുള്ള വിറകുകൾ മാറ്റുമെന്നും കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.