വാഷിംഗ്ടണ്‍ : ടിക് ടോക്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഖാബി ലാം അമേരിക്ക വിട്ടു. വിസയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ലാസ് വെഗാസിലെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതോടെയാണ് അദ്ദേഹം യുഎസ് വിട്ടത്. സെനഗലിൽ ജനിച്ച ഇറ്റാലിയൻ ഇൻഫ്ലുവൻസറായ സെറിംഗ് ഖബാനെ ലാം എന്ന മുഴുവൻ പേരുള്ള ഇദ്ദേഹത്തെ വെള്ളിയാഴ്ച ഹാരി റീഡ് ഇന്‍റർനാഷണൽ എയർപോർട്ടിൽ തടഞ്ഞുവെച്ചതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) സ്ഥിരീകരിച്ചു.
ഏപ്രിൽ 30-നാണ് ലാം യുഎസിൽ പ്രവേശിച്ചത്. അദ്ദേഹം വിസ നിബന്ധനകൾ ലംഘിച്ചുവെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം. തുടര്‍ന്ന് സ്വമേധയാ രാജ്യം വിടാൻ അനുമതി നൽകിയെന്നും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് അറിയിച്ചു. ഔദ്യോഗികമായി നാടുകടത്തൽ ഉത്തരവ് ലഭിക്കാതെ രാജ്യം വിടാൻ ഈ നടപടി സഹായിക്കുമെന്നും ഭാവിയിൽ യുഎസിലേക്ക് മടങ്ങുന്നതിന് ഇത് ഗുണകരമാകുമെന്നും യുഎസ് അധികൃതര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഖാബി ലാം പ്രതികരിച്ചിട്ടില്ല.