ഡൽഹി: ഇന്ദിരാഗാന്ധിയുടെ വധം ചിത്രീകരിക്കുന്ന ഫ്ലോട്ടുമായി കാനഡയിലെ ബ്രാംപ്റ്റൺ നഗരത്തിൽ ഖലിസ്ഥാൻ അനുകൂലികൾ പ്രകടനം നടത്തി. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഖലിസ്ഥാൻ തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നതു കാനഡ–ഇന്ത്യ ബന്ധത്തിനു ഗുണം ചെയ്യില്ലെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. വോട്ടുബാങ്ക് മുൻപിൽ കണ്ടാണ് ഇതനുവദിക്കുന്നത്. വിഘടനവാദികൾക്കും തീവ്രവാദികൾക്കും ഇതുപോലെ അവസരങ്ങൾ നൽകുന്നത് ഉഭയകക്ഷി ബന്ധത്തിനു ഗുണകരമല്ല.
നേരത്തേയും ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കാനഡയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നുവെന്ന കാനഡ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസിന്റെ പരാമർശത്തെ ജയശങ്കർ തള്ളിക്കളഞ്ഞു. രക്തം പുരണ്ട വെള്ളസാരി ധരിച്ച് ഇരുകൈകളും ഉയർത്തിനിൽക്കുന്ന ഇന്ദിരഗാന്ധിക്കുനേരെ തോക്കുകൾ ചൂണ്ടുന്നവരെ ചിത്രീകരിച്ച ഫ്ലോട്ടിന്റെ വിഡിയോ സമീപദിവസങ്ങളിലാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്.
ഇന്ത്യയിലെ കാനഡയുടെ ഹൈക്കമ്മിഷണർ കാമറൺ മക്കെ സംഭവത്തെ അപലപിച്ചു. പ്രവേശനപ്പിഴവുമൂലം 700 ഇന്ത്യൻ വിദ്യാർഥികളെ പുറത്താക്കാനുള്ള കാനഡയുടെ നീക്കം അപലപനീയമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പിഴവു വിദ്യാർഥികളുടേതല്ലെന്നു കനേഡിയൻ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉചിതമായ തീരുമാനം അവരെടുക്കുമെന്നു കരുതുന്നതായും ജയശങ്കർ പറഞ്ഞു.