ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ ഏഴ് സീറ്റുകളുള്ള ഒരു പുതിയ എംപിവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ആദ്യം ഇന്ത്യയില്‍ ഈ മൂന്ന് നിര എംപിവി കിയ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എംപിവി കിയയുടെ ജനപ്രിയ സബ്-കോംപാക്ട് എസ്‌യുവി സോണെറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇതിനകം തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ മാരുതി എര്‍ട്ടിഗ, XL6 എന്നിവയ്ക്ക് എതിരാളിയായിരിക്കും. സോനെറ്റ് എസ്‌യുവിയുടെ ഒരു വിപുലമായ പതിപ്പായിരിക്കും ഇത്.
ഒരു വരി സീറ്റും അല്പം വീതിയുള്ള വീല്‍ബേസും നാല് മീറ്ററില്‍ കൂടുതല്‍ നീളവും വാഹനത്തിന് ലഭിക്കും. KY എന്ന കോഡ് നാമമുള്ള പുതിയ എംപിവി, എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ഡിആര്‍എല്ലുകളും, ക്രോം ആക്സന്റുകളും 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ്കളും ഉള്‍ക്കൊള്ളാന്‍ സാധ്യതയുണ്ടെന്നാണ് വാഹനത്തിന്‍റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ പറയുന്നത്.
സോനെറ്റ് ഏഴ് സീറ്റര്‍ മോഡലിനെ നിലവിലെ എസ്‌യുവിക്കായി ഉപയോഗിക്കുന്ന അതേ 1.5 ലിറ്റര്‍ ഗാമ II സ്മാര്‍ട്ട്സ്ട്രീം ഡ്യുവല്‍ സിവിവിടി എഞ്ചിന്‍ തന്നെ കരുത്ത് പകരാനാണ് സാധ്യത. ഈ യൂണിറ്റ് 6,300 rpmല്‍ 115 bhp വരെ പരമാവധി കരുത്തും 4,500 rpm-ല്‍ 144 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും.
ആറ് സ്‍പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ ഇന്റലിജന്റ് വിടി ട്രാന്‍സ്‍മിഷന്‍ ആയിരിക്കും സാധ്യ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സുരക്ഷയ്ക്കായി എയര്‍ബാഗുകള്‍, ABS ബ്രേക്കിംഗ് സിസ്റ്റം, EBD, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ഡൈനാമിക് പാര്‍ക്കിംഗ് ഗൈഡ് ഉള്ള ഒരു പിന്‍ ക്യാമറ, റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട്, വയര്‍ലെസ് സ്‍മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, കൂടാതെ ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം എന്നിവയും വാഹനത്തില്‍ പ്രതീക്ഷിക്കാം.
സോണറ്റിന്‍റെ ഏഴ് സീറ്റര്‍ പതിപ്പ് കിയ നേരത്തെ ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ആണ് മൂന്ന് നിരകളുള്ള വാഹനത്തെ ഇന്തോനേഷ്യയില്‍ കമ്പനി പുറത്തിറക്കിയത്. IDR 199,500,000 ആണ് ഈ എംപിവിയുടെ ഇന്തോനേഷ്യന്‍ വില. ഏകദേശം 10.21 ലക്ഷം ഇന്ത്യന്‍ രൂപയോളം വരുമിത്. അതേസമയം കഴിഞ്ഞ ദിവസം കിയ സോണറ്റിന്റെ ആനിവേഴ്സറി എഡിഷൻ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.
കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റ് 2020 സെപ്റ്റംബര്‍ 18നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അന്നുമുതല്‍ ജനപ്രിയ മോഡലായി കുതിക്കുകയാണ് സോണറ്റ്. വാഹനം ഇന്ത്യയില്‍ എത്തിയതിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ആനിവേഴ്സറി എഡിഷനെ കമ്പനി അവതരിപ്പിച്ചത്. അറോറ ബ്ലാക്ക്പേൾ, ഗ്ലേഷ്യർ വൈറ്റ് പേൾ, സ്റ്റീൽ സിൽവർ, ഗ്രാവിറ്റി ഗ്രേ നിറങ്ങളിൽ ലഭ്യമാവുന്ന സൊണെറ്റ് ആനിവേഴ്സറി എഡീഷന് 10.79 ലക്ഷം രൂപയാണു രാജ്യത്തെ ഷോറൂം വില.