പത്തനംതിട്ട : കിടങ്ങന്നൂര്‍ പാടശേഖരം പുനരുജ്ജീവിപ്പിക്കുന്നതിനായി 76 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിടങ്ങന്നൂര്‍ പുഞ്ചയില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നത്. 250 ഹെക്ടറോളം വരുന്ന പാടശേഖരമാണ് കൃഷിയോഗ്യമാകുന്നത്. കിടങ്ങന്നൂര്‍ ചാലിന്റെ ഔട്ട് ലെറ്റ് തോടില്‍ പമ്പ് ഹൗസ്, പമ്പ് സ്ഥാപിക്കല്‍, വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിനായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, ഇന്‍ലെറ്റ്, ഔട്ട് ലെറ്റ് തോടുകളുടെ ആഴം കൂട്ടി വൃത്തിയാക്കല്‍ എന്നീ പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. മൈനര്‍ ഇറിഗേഷനാണ് നിര്‍മാണ ചുമതല.
കിടങ്ങന്നൂര്‍ ചാലിലും ചുറ്റുമുള്ള പാടശേഖരങ്ങളിലും ചെളിയും, മണ്ണും അടിഞ്ഞ് കൂടിയത് കാരണം വര്‍ഷങ്ങളായി ഇവിടെ കൃഷി പൂര്‍ണതോതില്‍ നടന്നിരുന്നില്ല. തോടുകളില്‍ കൂടി ചാലിലേക്ക് ഒഴുകി എത്തുന്ന വെള്ളം പാടശേഖരത്തില്‍ മുഴുവന്‍ കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. ഈ അധിക ജലം ഒഴുക്കി കളയുന്നതിനായി ഇവിടെ പമ്പ് ഹൗസ് സ്ഥാപിക്കുകയും അത് മൂലം മുഴുവന്‍ പാടശേഖരത്തിലും നെല്‍ കൃഷി ചെയ്യുന്നതിനും സാധിക്കുമെന്ന് എംഎല്‍എ പറഞ്ഞു. നിലവില്‍ ഒരു പമ്പാണ് സ്ഥാപിക്കുന്നതെങ്കിലും ഭാവിയില്‍ രണ്ട് പമ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രൊവിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
76 ലക്ഷം രൂപക്ക് ടെന്‍ഡര്‍ ചെയ്ത് കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്തിട്ടുണ്ട്.
പമ്പ് സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് മെക്കാനിക്കല്‍ വിഭാഗത്തിനെയും പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ച് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിനായി ഇലക്ട്രിക്കല്‍ വിഭാഗത്തിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നവീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമെന്നും എംഎല്‍എ അറിയിച്ചു.
ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, പന്തളം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ബി. സതീഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എം.പി. ഉണ്ണികൃഷ്ണന്‍ നായര്‍, ഷിജ.റ്റി. റ്റോജി, പാടശേഖര സമിതി സെക്രട്ടറി സത്യപാലന്‍, മെഴുവേലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജു സഖറിയ, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ട്ടര്‍ ജോയ്സി, മൈനര്‍ ഇറിഗേഷന്‍ അസി.എക്സീക്യൂട്ടിവ് എന്‍ജിനീയര്‍ കിരണ്‍ എബ്രഹം തോമസ്, അസി. എന്‍ജിനീയര്‍മാരായ അബ്ദുള്‍ നാസര്‍, അനീഷ്, സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി ആര്‍. അജയകുമാര്‍, ലോക്കല്‍ സെക്രട്ടറി വി. കെ. ബാബുരാജ്, സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.