കൊല്ലം: ജില്ലയില്‍ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിനിയായ ഷണ്മുഖത്തായ് കല്ല്യാണപാണ്ടി എന്ന് പേരുള്ള സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തെന്മല ഒറ്റക്കല്‍ കുരിശുംമൂടിന് സമീപത്തായാണ് സംഭവം നടന്നത്. ഇവിടെയുള്ള ഒരു വീട്ടിലേക്ക് ചോറ് ചോദിച്ചുകൊണ്ടെത്തിയ ഇവര്‍ അടുത്തുള്ള വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്.
ചോറും കൊണ്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ ഇവര്‍ അവിടെ നിന്നും കടന്നു. തുടര്‍ന്നാണ് അടുത്ത വീട്ടിലെ കുട്ടിയെ ഇവര്‍ കൈയില്‍ പിടിച്ചുവലിച്ചുകൊണ്ട് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് കണ്ടത്. ഇതുകണ്ട് വീട്ടുകാര്‍ ബഹളം വയ്ക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയുമായിരുന്നു. നാട്ടുകാരാണ് ഇവരെ തെന്മല പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവരുടെ ബാഗ് പരിശോധിച്ച പോലീസ് അതില്‍ നിന്നും 62,000 രൂപയും ആഭരണങ്ങളും കണ്ടെത്തിട്ടുണ്ട്.
ആഭരണങ്ങള്‍ സ്വര്‍ണമാണോ എന്ന കാര്യം പരിശോധനയ്ക്ക് ശേഷമേ മനസിലാകുകയുള്ളൂ. ഇവരില്‍ നിന്നും കണ്ടെടുത്ത ആധാര്‍ കാര്‍ഡിലാണ് സ്ത്രീയുടെ പേര് ഷണ്മുഖത്തായ് കല്ല്യാണപാണ്ടി എന്നതാണെന്ന് മനസിലാകുന്നത്. എന്നാല്‍ തന്റെ പേര് കമല എന്നാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞയാഴ്ച സ്‌കൂളില്‍ നിന്നും വരുന്ന വഴി 7 വയസുകാരിയെ ഒരു തമിഴ്നാട്ടുകാരിയായ സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു.