കൊച്ചി : ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ആശുപത്രിയിൽ പോകണം, ഏറ്റവും കുറഞ്ഞത് അഞ്ചു മണിക്കൂറെങ്കിലും അവിടെ ചെലവഴിക്കേണ്ടതുണ്ട്. ബില്ലടയ്ക്കാനും മരുന്നു വാങ്ങാനും ക്യൂവിൽ നിൽക്കേണ്ടി വരും. സാമൂഹിക അകലം ഒന്നും അവിടെ പ്രായോഗികമായെന്നു വരില്ല, കോവിഡ് ബാധിച്ചാൽ ജീവൻ നഷ്ടമാകുമെന്ന ഭീതിയും. – വൃക്കരോഗികളിൽ ഒരാളുടെ വാക്കുകളാണിത്. മാസങ്ങളായി ആശങ്കയിലും ഭീതിയിലും കഴിയുന്ന ഇവർക്ക് വാക്സീൻ നൽകുന്നതിന് മുൻഗണനാ പട്ടികയിലാക്കണമെന്നാണ് ആവശ്യം. അവയവങ്ങൾ മാറ്റിവയ്ക്കലിനു വിധേയരായവരും ഈ കോവിഡ് കാലത്ത് കടുത്ത സമ്മർദങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
ജീവൻ നിലനിർത്താൻ ഡയാലിസിസിന് എത്തുമ്പോൾ രോഗമില്ലെന്നു ഉറപ്പിക്കുന്ന ആന്റിജൻ പരിശോധനാ റിപ്പോർട്ട് പല ആശുപത്രികളും നിർബന്ധമാക്കിയിട്ടുണ്ട്. ഈ ടെസ്റ്റിനു കൂടിയുള്ള തുക കൂടി കണ്ടെത്തേണ്ടി വരുന്നതാണ് ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി. മിക്ക രോഗികളും സ്ഥിര വരുമാനമില്ലാത്തവരോ മറ്റു കുടുംബാംഗങ്ങളെ ആശ്രയിക്കുന്നവരോ ആണ്. പരിശോധനയ്ക്കു പ്രതിമാസം വലിയൊരു തുക കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ഇവരുടെ കോവിഡ് പരിശോധന സർക്കാർ ഇടപെട്ട് സൗജന്യമാക്കുന്നതിന് നടപടിയുണ്ടാകണമെന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ ആവശ്യപ്പെടുന്നു. ഇവർക്കുള്ള വാക്സീനേഷൻ എത്രയും പെട്ടെന്നു പൂർത്തിയാക്കണമെന്നും അദ്ദേഹം പറയുന്നു.
ഗുരുതര രോഗമുള്ളവർക്ക് വാക്സീൻ നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം പ്രായോഗികമാക്കാൻ സാധിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്. സ്വകാര്യ ആശുപത്രികളിലൂടെ വാക്സീൻ വിതരണം നടന്നപ്പോൾ മാത്രമാണ് പല രോഗികൾക്കും ആദ്യ ഡോസ് എങ്കിലും എടുക്കാനായത്. സർക്കാർ നിർദേശപ്രകാരം രണ്ടാം ഡോസിനു ശ്രമിച്ച പലർക്കും ലഭിച്ചിട്ടില്ല. സർക്കാർ വാക്സീൻ വിതരണ കേന്ദ്രങ്ങളിലെ തിരക്കുകളിലേക്കു പോയി വാക്സീനെടുക്കാൻ ഭയമുണ്ടായിരുന്നതിനാൽ അതിനു മുതിർന്നില്ല. ഇനി കൂടുതൽ ഡോസുകൾ എത്തിയ സാഹചര്യത്തിൽ രോഗികൾക്ക് വാക്സീൻ ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും ഡയാലിസിസ് ചികിത്സയിലുള്ളവര്‍ പറയുന്നു.
സഹായികളെ അത്ര അത്യാവശ്യമുള്ള സാഹചര്യങ്ങളിൽ മാത്രമാണ് ആശുപത്രികളിലേക്കു പ്രവേശിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഈ സാഹചര്യത്തിൽ രോഗികൾ തന്നെ മരുന്നു വാങ്ങാനും ബില്ലുകൾ അടയ്ക്കാനും പോകേണ്ടി വരുന്നുണ്ട്. ഈ സമയത്ത് കോവിഡ് പിടിപെടുമോ എന്ന ആശങ്കയാണ് പലർക്കുമുള്ളത്. വാക്സീനേഷൻ ലഭിക്കുകയാണെങ്കിൽ അത്രയും സുരക്ഷാ ബോധമെങ്കിലും ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഇതിന് പ്രഖ്യാപനങ്ങൾക്കു പുറമേ സഹായകമാകുന്ന നടപടികൾ കൂടി വേണമെന്നാണ് ആവശ്യം.