എറണാകുളം: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കോറിഡോറും ഇടുക്കി, എറണാകുളം ജില്ലകളുടെ ജീവനാഡിയുമായ കൊച്ചി മൂന്നാർ നാഷണൽ ഹൈവേ (NH 85) 980 കോടി രൂപ മുടക്കിൽ നവീകരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ ഈ റോഡിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനമാണെന്നും ആയതുകൊണ്ട് നിലവിലുള്ള വീതിയിൽ കൂടുതൽ ടാറിങ് നടത്തുവാനോ സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ല എന്ന് പറഞ്ഞ് വനം വകുപ്പ് റോഡ് പണി തടസ്സപ്പെടുത്തുകയുണ്ടായി. നിലവിൽ ഈ നാഷണൽ ഹൈവേയിൽ ഏറ്റവും കൂടുതൽ ഗതാഗത തടസ്സം ഉണ്ടാകുന്ന സ്ഥലം കൂടിയാണ് നേരിയമംഗലം മുതൽ വാളറ വരെയുള്ള ഈ 14.5 കി. മി ദൂരം. പ്രശ്നം പരിഹരിക്കുന്നതിനായി പിഡബ്‌ള്യുഡി, വനം വകുപ്പ് മുതലായ ഉദ്യോഗസ്ഥരുടെയും ഇടുക്കി എംപി അടക്കമുള്ള ജനപ്രതിനിധികളുടെയും യോഗം പലതവണ ഇടുക്കി കളക്ടറേറ്റിൽ ചേർന്നെങ്കിലും വനവകുപ്പിന്റെ ധാർഷ്ട്യത്തിന് മുൻപിൽ ഒന്നും ചെയ്യുവാൻ ആർക്കും സാധിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കിഫയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോൻ ഫ്രാൻസിന്റെയും, ഇടുക്കി ജില്ലാ പ്രസിഡന്റ് ബബിൻ ജെയിംസിന്റെയും നേതൃത്വത്തിൽ കിഫ ഹൈക്കോടതിയെ സമീപിച്ചത്.
പ്രസ്തുത റോഡ് രാജഭരണത്തിന്റെ കാലം മുതൽ തന്നെ 100 അടി വീതിയിൽ പൊതുമരാമത്ത് വകുപ്പിന് വിട്ടു കൊടുത്തതാണെന്ന് തെളിയിക്കുന്ന രേഖകൾ കിഫ കൃത്യമായി കോടതിയിൽ ഹാജരാക്കിയതോടുകൂടി വനംവകുപ്പിന് ഉത്തരം മുട്ടുകയും ഈ നൂറടി വീതിയിൽ വനം വകുപ്പിന് യാതൊരു അവകാശവുമില്ലെന്നും യാതൊരു കാരണവശാലും വനം വകുപ്പ് റോഡ് പണിക്കു തടസ്സം നിൽക്കാൻ പാടില്ലെന്നും ഹൈക്കോടതി വിധിച്ചിരിക്കുന്നു. തങ്ങൾക്ക് യാതൊരു അധികാരവും ഇല്ലാത്ത സ്ഥലത്ത്, ഇല്ലാത്ത നിയമത്തിന്റെ പേരിൽ അധികാരം സ്ഥാപിക്കുന്ന വനം വകുപ്പിന്റെ ധാർഷ്ട്യത്തിന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് ഈ വിധിയെന്നും ഭാവിയിലെങ്കിലും ഇത്തരം ജന വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിൽ നിന്നും വനം വകുപ്പ് വിട്ടു നിൽക്കണമെന്നും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പ്രതികരിച്ചു. കിഫക്കു വേണ്ടി അഡ്വ ബിജോ ഫ്രാൻസിസ് ഹാജരായി.