തിരുവനന്തപുരം: കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. മൊഴിയെടുക്കലിന് ഹാജരാകാന്‍ നേരത്തെ ഇഡി, കിഫ്ബി സിഇഒ കെ.എം എബ്രഹാമിനും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗിനും നോട്ടീസ് നല്‍കിയിരുന്നു.
വിക്രം ജിത് സിംഗ് വ്യാഴാഴ്ച രാവിലെ പത്തിന് ഹാജരാകണമെന്നും സിഇഒ കെ എം എബ്രഹാമിനോട് വെള്ളിയാഴ്ച ഹാജരാകണമെന്നാണ് എന്‍ഫോഴ്സ്മെന്റ് അറിയിച്ചിരിക്കുന്നത്. കിഫ്ബി അക്കൗണ്ടുള്ള ആക്സിസ് ബാങ്കിനും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ആക്സിസ് ഹോള്‍സെയില്‍ ബാങ്കിംഗ് മേധാവിക്കാണു നോട്ടീസ് നല്‍കിയത്.
കേന്ദ്രാനുമതിയില്ലാതെ കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) മസാല ബോണ്ട് ഇറക്കി വിദേശഫണ്ട് സ്വീകരിച്ചതിനാണ് കിഫ്ബിക്കെതിരേ ഇഡി കേസെടുത്തത്. ഫെമ നിയമം ലംഘിച്ചതിനാണു കേസ്. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് നടന്നെന്നു ബോധ്യപ്പെട്ട പശ്ചാത്തലത്തില്‍ കേസെടുക്കുകയായിരുന്നു.
മസാല ബോണ്ട് വഴി 2,150 കോടി രൂപ സമാഹരിക്കുന്നതിനു സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം റിസര്‍വ് ബാങ്കിനോട് ഇഡി ആരാഞ്ഞിരുന്നു. ഇതു വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചാണോ എന്ന വിവരവും അന്വേഷണപരിധിയില്‍ വരും. കിഫ്ബിക്കുവേണ്ടി മസാലബോണ്ടില്‍ ആരെല്ലാം നിക്ഷേപിച്ചെന്ന വിവരങ്ങളും അന്വേഷിക്കും.