പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ കിഫ്ബി നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആറന്മുള മണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ സമഗ്രമായ അവലോകനത്തിന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് മാസത്തില്‍ ടെന്‍ഡര്‍ ചെയ്യുമെന്ന് നിര്‍മാണച്ചുമതലയുള്ള എച്ച്എല്‍എല്‍ ഇന്‍ഫ്രാടെക് സര്‍വീസസ് ലിമിറ്റഡ് (എച്ച്ഐടിഇഎസ്) യോഗത്തില്‍ അറിയിച്ചു.
കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ പാലത്തിന്റെ നിര്‍മാണം തുടരാന്‍ സാധിക്കുകയുള്ളുവെന്ന് കെ.ആര്‍.എഫ്.ബി യോഗത്തില്‍ അറിയിച്ചു. അക്വിസിഷന്റെ ഭാഗമായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കിഫ്ബിയുടെ അക്വിസിഷന്‍ അഡൈ്വസര്‍ അറിയിച്ചു. പത്തനംതിട്ട എല്‍.എ വിഭാഗത്തില്‍ വേഗത്തില്‍ നടപടി കൈക്കൊള്ളുമെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ഉടമകളെ വിളിച്ചു ചേര്‍ത്ത് സ്ഥലത്തിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കുന്നതിന് കാലതാമസം ഉണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം തന്നെ പാലം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. പത്തനംതിട്ടയിലെ പൈപ്പ് ലൈന്‍ മാറ്റിയിടല്‍ സംബന്ധിച്ച കാലതാമസം ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ മാസത്തോടെ പൈപ്പ് ഇടല്‍ പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കായിക വകുപ്പിന്റെ സ്പോര്‍ട്സ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട സ്റ്റേഡിയത്തിന്റെ നിര്‍മാണ ടെന്‍ഡര്‍ ആരംഭിക്കും. അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് 90 സ്പാനുകളില്‍ 30 സ്പാനുകളോളം നിര്‍മാണം ആരംഭിച്ചു. നല്ല നിലയില്‍ നിര്‍മാണം മുന്നോട്ട് പോകുന്നതായി കെആര്‍എഫ്ബി അറിയിച്ചു. മഞ്ഞനിക്കര, ഇലവുംതിട്ട മുളക്കുഴ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ മന്ത്രി അതൃപ്തി അറിയിച്ചു.