കിളികൊല്ലൂര്‍: കിളികൊല്ലൂര്‍ മര്‍ദ്ദനത്തില്‍ പോലീസിനെ സംരക്ഷിച്ച് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. സൈനികനും സഹോദരനും മര്‍ദ്ദനമേറ്റത് സ്റ്റേഷനില്‍ വെച്ച് തന്നെയാണെങ്കിലും മര്‍ദ്ദിച്ചതാരാണെന്നതില്‍ വ്യക്തയില്ലെന്നാണ് പോലീസിന്റെ വാദം. മനുഷ്യാവകാശ കമ്മീഷന് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിചിത്ര വാദം. പേരൂര്‍ സ്വദേശികളായ സൈനികന്‍ വിഷ്ണുവിനും സഹോദരന്‍ വിഘ്‌നേഷിനുമാണ് പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന്‍ അംഗം വികെ ബീനാകുമാരി കൊല്ലം സിറ്റി പോലീസ് കമ്മീഷണറാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്റ്റേഷന് പുറത്തുവച്ചാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റതെന്ന പോലീസ് വാദവും റിപ്പോര്‍ട്ടില്‍ നിഷേധിക്കുന്നുണ്ട്. സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാലിത് ശരിവെക്കുന്ന തെളിവുകളില്ല. മര്‍ദ്ദിച്ചതാരാണെന്ന് അറിയില്ലെന്നും കമ്മീഷറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. വിഘ്നേഷിനും ജ്യേഷ്ഠനും സൈനികനുമായ വിഷ്ണുവിനെയുമാണ് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്. എംഡിഎംഎ ലഹരിക്കേസുമായി ബന്ധപ്പെട്ട പ്രതിക്ക് ജാമ്യം നില്‍ക്കാനെന്നു പറഞ്ഞ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
ജാമ്യം നില്‍ക്കാന്‍ കഴിയില്ല എന്ന് അറിയിച്ച വിഘ്നേഷ് സ്റ്റേഷനില്‍നിന്ന് തിരികെപ്പോകാന്‍ ശ്രമിച്ചു. ഇതിനിടെ വിഘ്‌നേഷിനെ തിരക്കി സ്റ്റേഷനിലേക്ക് എത്തിയ ജ്യേഷ്ഠനുമായി മഫ്തി വേഷത്തില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വിഘ്നേഷിനെ കൈവിലങ്ങ് അണിയിച്ച് മര്‍ദിച്ചു. ഈ ആക്രമണത്തില്‍ വിഘ്നേഷിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് എംഡിഎംഎ കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നായിരുന്നു ആരോപണം.
ഇതിനിടെ ആരോപണ വിധേയരായ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ്.കെ, സബ്ബ് ഇന്‍സ്പെക്ടര്‍ അനീഷ്.എ.പി, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ പ്രകാശ് ചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ മണികണ്ഠന്‍ പിളള എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു.