പത്തനംതിട്ട : തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന കിസാന്‍ മേള നാടിന്റെ ഉത്സവമായി. ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, പത്തനംതിട്ട ആത്മയുടെയും തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ കിസാന്‍ ഭാഗീദാരീ പ്രാഥമികതാ ഹമാരി അഭിയാന്‍ പദ്ധതി ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. ഇതിനോട് അനുബന്ധിച്ച് നടന്ന കിസാന്‍ മേള അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യൂ എക്സിബിഷന്‍ സ്റ്റാളുകളുടെ ഉദ്ഘാടനം നടത്തി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രതിജ്ഞ കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ചൊല്ലി കൊടുത്തു. ഈ വേദിയില്‍ത്തന്നെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്തനംതിട്ട കാര്‍ഡ് കൃഷി വിജ്ഞാന കേന്ദ്രം പുറത്തിറക്കിയ തെങ്ങിന്റെ സൂക്ഷ്മ വളക്കൂട്ടായ കല്പവര്‍ദ്ധിനിയുടെ വിപണന ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം, തെള്ളിയൂരിന്റെ വാര്‍ത്താപത്രികയുടെ പ്രകാശനം പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. മേളയോട് അനുബന്ധിച്ച് ആത്മ സീനിയര്‍ സൂപ്രണ്ടായ എം.ജി ദിലീപിന്റെ നേതൃത്വത്തില്‍ യോഗാക്ലാസുകള്‍ നടത്തി. ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് കോശി കെ അലക്സ്, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി ഷീല, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി റോബര്‍ട്ട് എന്നിവര്‍ വിഷയാവതരണം നടത്തി. കിസാന്‍ മേളയുടെ ഭാഗമായി ദേശീയ അവാര്‍ഡിന് അര്‍ഹനായ റജി ജോസഫ്, സംസ്ഥാന അവാര്‍ഡ് ജേതാക്കളായ പ്രിയ പി നായര്‍, ജേക്കബ് ജോസഫ്, മാധവന്‍, ജയലക്ഷ്മി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി കെ.വി.കെ മേധാവി. ഡോ.സി.പി റോബേര്‍ട്ട്, ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ എ.ഡി ഷീല, എ.ആര്‍.എസ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ആര്‍.ഗ്ലാഡിസ്, ജില്ലാ മൃസംരക്ഷണ വകുപ്പ് പ്രതിനിധി ഡോ.ജാനകി ദാസ്, ക്ഷീരവികസന വകുപ്പ് ജില്ലാ മേധാവി ആര്‍.സിന്ധു, ഫിഷറീസ് വകുപ്പ് ജില്ലാ മേധാവി എന്നിവര്‍ നല്‍കി. കൃഷി അസി. ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് മാത്യു ഏബ്രഹാം കര്‍ഷക ശാസ്ത്രജ്ഞ സമ്പര്‍ക്ക പരിപാടിയുടെ അവതാരകനായി. ”ഞങ്ങളും കൃഷിയിലേക്ക്” എന്ന ജനപ്രിയ പദ്ധതിയെ ആസ്പദമാക്കി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജി കെ. വര്‍ഗീസ് ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യൂ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലാലു തോമസ്, സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജാന്‍സി കെ കോശി, കാര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ റവ.മോന്‍സി വര്‍ഗീസ്, കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ.സിന്ധു സദാനന്ദന്‍, പുല്ലാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി.അമ്പിളി, കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം അസിസ്റ്റന്റ് ബിനു ജോണ്‍ എന്നിവര്‍ സംസാരിച്ചു.