റാന്നി : നിയോജക മണ്ഡലത്തിലെ മലയോരമേഖലയിൽ താമസിക്കുന്ന കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുന്നതിൽ കാലതാമസം വരുത്തരുതെന്ന് കിസാൻസഭ മണ്ഡലം കൺവൻഷൻ പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കര്‍ഷകരുടെ ന്യായമായ ആവശ്യത്തിന് കാലതാമസം വരുന്നതില്‍ കണ്‍വന്‍ഷന്‍ ആശങ്ക രേഖപ്പെടുത്തി. കൈവശഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ കർഷകന് അനുവാദം നൽകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വെച്ചൂച്ചിറയിൽ നടന്ന കൺവൻഷൻ കിസാൻസഭ സംസ്ഥാന സെക്രട്ടറി എ. പി ജയൻ ഉദ്ഘാടനം ചെയ്തു. ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ് ചെയർമാൻ എം.വി വിദ്യാധരനെ കൺവൻഷനിൽ ആദരിച്ചു. മണ്ഡലം പ്രസിഡൻറ് എൻ.ജി പ്രസന്നൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിജി ജോർജ് കൃഷിവകുപ്പിലെ മികച്ച ഉദ്യോഗസ്ഥരെയും മികച്ച കർഷകരെയും ആദരിച്ചു. എം.വി വിദ്യാധരൻ, കെ സതീഷ്, ജോജോ കോവൂര്‍, സജിമോൻ കടയിനിക്കാട്, ജയ്നമ്മ തോമസ്, ജയപ്രകാശ്, ജോയി വള്ളിക്കാല, പി.സി എബ്രഹാം എന്നിവർ പ്രസംഗിച്ചു.