തിരുവനന്തപുരം : ഉമിനീർ പരിശോധനയിലൂടെ മുൻകൂട്ടി രോഗനിർണയം നടത്താൻ കഴിയുന്ന കിറ്റ് വികസിപ്പിച്ചെടുത്തു. ജനിതകഘടന മനസ്സിലാക്കി 200 ഓളം രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താൻ കഴിയുമെന്നാണ് അവകാശവാദം. അർബുദം, ഹൃദയ-നാഡീസംബന്ധമായ രോഗങ്ങൾ, വന്ധ്യതാപ്രശ്നങ്ങൾ എന്നിവയും സാജിനോം എന്ന കിറ്റുപയോഗിച്ച് മനസ്സിലാക്കാമെന്ന് ഗവേഷകരായ എച്ച്.എൽ.എൽ. ലൈഫ്കെയർ മുൻ സി.എം.ഡി. ഡോക്ടർ എം. അയ്യപ്പൻ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി മുൻ ഡയറക്ടർ പ്രൊഫസർ എം.രാധാകൃഷ്ണപിള്ള എന്നിവർ അവകാശപ്പെട്ടു.
വ്യക്തിയുടെ ജനിതകഘടനയുടെ രൂപങ്ങൾ മനസ്സിലാക്കി കംപ്യൂട്ടറിൽ വിശകലനം ചെയ്താണ് രോഗസാധ്യത നിർണയിക്കുക. ചികിത്സാരീതിയും ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങള്ളും നിർദേശിക്കാൻ ഇതിലൂടെ കഴിയും. വീടുകളിലെത്തി ഉമിനീർ ശേഖരിച്ച് പരിശോധിക്കുന്നതിനുള്ള ക്രമീകരണവും വികസിപ്പിച്ചിട്ടുണ്ട്.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലാണ് സാംപിളുകൾ പരിശോധിക്കുന്നത്. തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ സർക്കാർ അനുവദിച്ച ഒന്നര ഏക്കറിൽ സ്വന്തമായി ലബോറട്ടറി സ്ഥാപിക്കുമെന്ന് ഡോക്ടർ അയ്യപ്പനും പ്രൊഫസർ രാധാകൃഷ്ണപിള്ളയും പറഞ്ഞു.