പൂനെ : ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ ലീഡ് 200നോട് അടുക്കുന്നു. പൂനെയില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ന്യൂസിലന്‍ഡ് ലീഡ് 188 റണ്‍സാക്കി ഉയര്‍ത്തി. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട് ന്യൂസിലന്‍ഡ്. ടോം ലാതം (37), രചിന്‍ രവീന്ദ്ര (7) എന്നിവരാണ് ക്രീസില്‍. നേരത്തെ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 259നെതിരെ ഇന്ത്യ 156ന് എല്ലാവരും പുറത്താവുകയായിരുന്നു. 103 റണ്‍സിന്റെ ലീഡാണ് കിവീസ് ഒന്നാം ഇന്നിഗ്‌സില്‍ നേടിയത്.
ഏഴ് വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സില്‍ അത്ര നല്ലതായിരുന്നില്ല കിവീസിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 36 റണ്‍സ് മാത്രമുള്ളപ്പോള്‍ ഡെവോണ്‍ കോണ്‍വെ (17) മടങ്ങി. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു കോണ്‍വെ. മൂന്നാമതെത്തിയ വില്‍ യംഗിനെ (23) അശ്വിനും വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരത്തെ, 38 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. 30 റണ്‍സ് വീതം നേടിയ ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.