ആലപ്പുഴ : എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യയിൽ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും മൗനത്തിലാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. വെള്ളാപ്പള്ളി നടേശനും സഹായിക്കുമെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും നിലപാട് വ്യക്തമാക്കാന്‍ മടിക്കുകയാണ് നേതാക്കള്‍.
അതേസമയം മരണത്തിന് കാരണമായ നിർണായക തെളിവുകൾ കുടുംബം ഇന്ന് പോലീസിന് കൈമാറും. നീതിക്കായി ശബ്ദമുയർത്തുകയാണ് മഹേശന്‍റെ കുടുംബം. എന്നാൽ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ തന്ത്രപരമായ മൗനമാണ് വിഷയത്തിൽ രാഷ്ടട്രീയ പാര്‍ട്ടികള്‍ക്കുള്ളത്. മൈക്രോഫിനാൻസ് തട്ടിപ്പ് മുതല്‍ ശാശ്വതീകാന്ദയുടെ മരണം വരെ വിമത വിഭാഗം വീണ്ടും ചർച്ചയാക്കുമ്പോൾ അകന്നു നില്‍ക്കുകയാണ് രാഷ്ട്രീയ നേതാക്കൾ. വെള്ളാപ്പള്ളി നടേശനോട് ചേർന്നുനിൽക്കുന്ന സിപിഎം പ്രാദേശികമായി പോലും വിഷയത്തില്‍ ഇടപെടുന്നില്ല.
സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണ് മഹേശന്‍റെ കുടുംബം. പാർട്ടി ജില്ലാ സെക്രട്ടറിയോ ജില്ലയിലെ മന്ത്രിമാരോ കുടുംബത്തിനൊപ്പമില്ല. സർക്കാരിനോട് ചേർന്നു നില്‍ക്കുന്ന വെള്ളാപ്പള്ളിയെ പിണക്കേണ്ടെന്നാണ് നിലപാട്. മഹേശന്‍റെ മരണത്തിൽ കോൺഗ്രസിനും മൗനമാണ്. ബിഡിജെഎസുമായി അഭിപ്രായഭിന്നതകൾ ഉണ്ടെങ്കിലും ബിജെപിയും വിഷയത്തിൽ ഇടപെടുന്നില്ല. രാഷ്ട്രീയ പിന്തുണയില്ലെങ്കിലും ശക്തമായ നിയമനടപടിയുമായി മുന്നോട്ട്പോകാനാണ് മഹേശന്‍റെ കുടുംബത്തിന്‍റെ തീരുമാനം.