കോഴിക്കോട് : കോണ്‍ഗ്രസ് രംഗത്തിറക്കിയ മുഴുവന്‍ വനിതാ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. മുസ്ലിം ലീഗിന്റെ ഏക വനിതാ സാരഥിയായ നൂര്‍ബിനാ റഷീദും കേരള കോണ്‍ഗ്രസ് എമ്മിന്റെ വനിതാ സാരഥിയും പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷ നിരയില്‍ ഇനി ഏക വനിതാ സാരഥി കെ.കെ രമ മാത്രമാകും.
സി.പി.എമ്മിന് ഏറെ തലവേദന സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്റെ വിധവ എന്ന നിലയിലും കേരളത്തിന്റെ പ്രതിപക്ഷ സ്ത്രീ ശബ്ദമായി ഇനി നിയമസഭയില്‍ മുഴങ്ങുക കെ.കെ രമയുടേതു മാത്രം. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, പത്മജ വേണുഗോപാല്‍ എന്നിവരടക്കം 11 വനിതകളെയായിരുന്നു യു.ഡി.എഫ് രംഗത്തിറക്കിയിരുന്നത്. കൊല്ലത്ത് ബിന്ദു കൃഷ്ണയും കായംകുളത്ത് അരിത ബാബു, വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ തുടങ്ങിയവരെല്ലാം വിജയിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും വിജയമുറപ്പിച്ചിരുന്നു.
കായംകുളത്തെ അരിതാ ബാബു ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന നിലയിലും ക്ഷീര കര്‍ഷക എന്ന നിലയിലുമെല്ലാം സ്റ്റാറായി മാറിയിരുന്നു. എന്നാല്‍ അതൊന്നും വോട്ടാക്കിമാറ്റാനായില്ല. വട്ടിയൂര്‍ക്കാവില്‍ കനത്ത തോല്‍വിയാണ് വീണ നായര്‍ ഏറ്റുവാങ്ങിയത്. 25 വര്‍ഷത്തിനുശേഷമായിരുന്നു മുസ്ലിം ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ അവതരിപ്പിച്ചത്. സിറ്റിംഗ് സീറ്റില്‍ അവരും തോല്‍വി അറിയുകയായിരുന്നു. ഫലത്തില്‍ ഏക വനിതാ ശബ്ദമായി മാറുക കെ.കെ രമയുടേതുമാത്രമാകും.
അതേ സമയം 15 പേരെ മത്സരിപ്പിച്ച ഇടതുമുന്നണിക്ക് പത്തുപേരെയും വിജയിപ്പിക്കാനായി. മന്ത്രി കെ.കെ ഷൈലജയടക്കം പത്തുപേരാണ് ഇടതുമുന്നണിയില്‍ ജയിച്ചു കയറിയത്.