തിരുവനന്തപുരം: സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കി സ്ത്രീവിരുദ്ധ പരാമര്‍ശത്തോടെ വിധി പ്രഖ്യാപിച്ച കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് കെ.കെ രമ എം.എല്‍.എ. മുന്‍കൂര്‍ ജാമ്യം കൊടുക്കുമ്പോള്‍ തന്നെ വിധികല്‍പ്പിക്കാന്‍ കോടതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും രമ ചോദിച്ചു.
റവല്യുഷനറി മഹിള ഫെഡറേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ വിധി പകര്‍പ്പ് കത്തിച്ചു.
സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയില്‍ കോഴിക്കോട് സെഷന്‍സ് കോടതി ജഡ്!ജിയുടെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. നിയമ വിദഗ്ധരും എഴുത്തുകാരും വനിതാ പ്രവര്‍ത്തകരും കോടതി ഉത്തരവിനെതിരെ രംഗത്തെത്തി. സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതി പറഞ്ഞത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.