തൃശൂര്‍ : തൃശൂര്‍ പെരിങ്ങോട്ടുകരയിലെ ശ്രുതിയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും വടകര എംഎല്‍എ കെ കെ രമ. അന്തിക്കാട് പോലിസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തുടര്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന്റേത് മെല്ലെപ്പോക്ക് നയമാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
തീര്‍ത്തും കൊലപാതകമെന്ന് പ്രാഥമിക നിഗമനത്തില്‍ തന്നെ സ്ഥിരീകരിക്കാവുന്ന ഒരു കേസാണ് അന്വേഷണം എവിടെയും എത്തിക്കാതെ തേയ്ച്ച്ചു മാച്ചുകളയാന്‍ കേരള പോലിസ് ശ്രമിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. പെരിങ്ങോട്ടുകരയില്‍ ശ്രുതിയുടെ വീട്ടില്‍ മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷം ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് എംഎല്‍എയുടെ പ്രതികരണം.
തൃശ്ശൂര്‍ ജില്ലയിലെ മുല്ലശ്ശേരിയില്‍ നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്റേയും ശ്രീദേവിയുടെയും ഏകമകള്‍ ശ്രുതി 2020 ജനുവരി 6 ന് പെരിങ്ങോട്ടുകരയിലുള്ള ഭര്‍തൃഗൃഹത്തില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. മരണം നടന്ന് ഇപ്പോള്‍ 18 മാസം കഴിഞ്ഞു. അന്തിക്കാട് പോലിസ് ആണ് ആദ്യം കേസ് ഏറ്റെടുത്തത്. പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറി.
2019 ഡിസംബര്‍ 22നായിരുന്നു കരുവേലി സുകുമാരന്‍ മകന്‍ അരുണുമായി ശ്രുതിയുടെ വിവാഹം. പതിനഞ്ചാം ദിവസം കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചതായാണ് ഭര്‍തൃവീട്ടുകാര്‍ കുടുംബത്തെ അറിയിച്ചത്. പക്ഷേ കഴുത്തില്‍ ചരടിട്ട് മുറുക്കിയ പാടും തലയിലും മാറിടത്തിലും പരിക്കുകളും ഉള്ളതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായി. കഴുത്തില്‍ ചരട് മുറുകി ശ്വാസം മുട്ടിയാണ് ശ്രുതി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ട്. തുടക്കത്തില്‍ തന്നെ കൊലപാതകമെന്ന് വ്യക്തമാകുന്ന സൂചനകള്‍ ലഭിച്ചതിനാല്‍ സംഭവസ്ഥലം സീല്‍ ചെയ്യാന്‍ പോലിസ് സര്‍ജന്‍ നിര്‍ദ്ദേശിച്ചെങ്കിലും അതുണ്ടായില്ല. ഭര്‍തൃവീട്ടുകാര്‍ക്ക് തെളിവുകള്‍ നശിപ്പിക്കാനുള്ള ഒത്താശ ചെയ്തുകൊടുക്കുകയാണ് പോലിസ് ചെയ്തതെന്ന് ശ്രുതിയുടെ പിതാവ് പറയുന്നു.
ശ്രുതിയുടെ ഭര്‍ത്താവിനെയൊ ഭര്‍തൃ വീട്ടുകാരെയോ കുടുബാംഗങ്ങളെയൊ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനോ കൊലകുറ്റത്തിന് കേസ് എടുക്കാനോ അന്തിക്കാട് പോലിസോ ക്രൈം ബ്രാഞ്ചോ ഇതുവരെ തയ്യാറായിട്ടില്ലെന്നും കുടുംബം പറയുന്നു. പരാതിക്കാരായ ശ്രുതിയുടെ മാതാപിതാക്കളുടെ മൊഴിപോലും രേഖപ്പെടുത്തിയിട്ടില്ല. കേസ് വഴിതിരിച്ചുവിടാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് മുല്ലശ്ശേരിയില്‍ രൂപം കൊണ്ട ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ പറയുന്നത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെയും മുഖ്യമന്ത്രിയെയും സന്ദര്‍ശിച്ച് പരാതി നല്‍കിയിട്ടും ഇതുവരെ ഒരു പരിഗണനയും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഈ കുടുംബത്തിന് കിട്ടിയിട്ടില്ല.
സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെ സംബന്ധിച്ചുമെല്ലാം നിരന്തരം വാചാലരാവുന്നവര്‍ ഭരിക്കുന്ന നാട്ടിലാണ് ഈ ദുരവസ്ഥയെന്നും ഒന്നിന് പിറകെ ഒന്നായി നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ നിര്‍ബാധം വേട്ടയാടപ്പെടുമ്പോള്‍ ആഭ്യന്തര വകുപ്പും പോലിസ് സംവിധാനവും കുറ്റവാളികളുടെ സംരക്ഷകരാവുന്നതു വര്‍ത്തമാന കേരളത്തിന്റെ തുടര്‍കാഴ്ചയാവുകയാണെന്ന് എംഎല്‍എ കെ കെ രമ പറഞ്ഞു.