വടകര: നിയമസഭയില്‍ ടിപി യുടെ ശബ്ദം ഉയരും. ഇടത് കോട്ടയില്‍ മിന്നും വിജയവുമായി കെ.കെ രമ.
രക്തസാക്ഷികളുടെ മണ്ണില്‍ ചരിത്രം തിരുത്തുകയാണ് കെ.കെ രമ എന്ന സഖാവ്. വടകരയില്‍ നിന്നും കെ കെ രമ വിജയിച്ചു കയറുമ്പോള്‍ അത് ടി പി ചന്ദ്രശേഖരന്റെ വിജയമായി മാറുകയാണ്. സിപിഎം. പ്രവര്‍ത്തകന്‍ വെട്ടിനുറുക്കപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം പിന്നിടുമ്പോഴാണ് വടകരയില്‍ കെ.കെ രമ വിജയിച്ചു കയറുന്നത്. ഇടതു പക്ഷത്തെ അല്ലാതെ നാളിതുവരെ സ്വീകരിച്ചിട്ടില്ലാത്ത വടകര കെ.കെ. രമയിലൂടേയും ആര്‍.എംപിയിലൂടേയും യു.ഡി.എഫിന് വഴി തുറന്നിരിക്കുയാണ്.
ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട അന്ന് മുതല്‍ കൊലപാതക രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലത്തില്‍ നിന്ന് ചന്ദ്രശേഖരന്റെ ഭാര്യ തന്നെ നിയമസഭയിലേക്ക് ഉറപ്പിച്ചപ്പോള്‍ അത് സിപിഎമ്മിനേല്‍ക്കുന്ന രാഷ്ട്രീയ തിരിച്ചടി കൂടിയായി. ആര്‍.എംപി. എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണവും അത് രാഷ്ട്രീയ കേരളത്തിന്റെ മറക്കാത്ത ഏടായി മാറുകയും ചെയ്തത് ഒരിക്കല്‍ കൂടെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു വടകരയില്‍.
വടകരയില്‍ ടിപി ചന്ദ്രശേഖരനാണ് വിജയിച്ചത്. ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് വലിയ പിന്തുണയാണ്. കക്ഷി രാഷ്ട്രീയ ഭേദമെന്യയുള്ള പിന്തുണയാണ്. ഈ നാടിന്റെ പ്രിയ സഖാവ് ചന്ദ്രശേഖരന്റെ വിജയമാണിത്. പോസ്റ്റല്‍ വോട്ടിന്റെ കാര്യം അറിയില്ല. വടകരയില്‍ ശാന്തിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി വോട്ട് ചെയ്തവര്‍ക്ക് നന്ദി – എന്നാണ് കെ കെ രമയുടെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെകെ രമ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സികെ നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.
മെയ് രണ്ടിന് ഫലം വരുമ്പോള്‍ അത് വടകരയില്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകികള്‍ക്കുള്ള പകരം വീട്ടലായിരിക്കുമെന്നായിരുന്നു കെ.കെ. രമ ഓരോ ദിവസവും പറഞ്ഞ് കൊണ്ടിരുന്നത്. അങ്ങനെ ഓരോ വോട്ടും കൊലപാതക രാഷ്ട്രീയത്തിനെതിരേ ചോദിച്ചു. മെയ് നാലിനാണ് ടി.പിയുടെ ഒന്‍പതാം ചരമവാര്‍ഷികം. ഈ ദിനം ടി.പിക്കുള്ളതായിരിക്കുമെന്ന രമയുടെ വാക്കും വടകരയിലെ അട്ടിമറിയിലൂടെ രമ യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ്. എല്‍.ജെ.ഡിയെ ഒപ്പം ചേര്‍ത്തിട്ടും ഇടതുകോട്ടയില്‍ ഇത്തവണ ഇടതുപക്ഷത്തിന് കാല്‍തെറ്റിയപ്പോള്‍ കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥിയോട് തോറ്റ മനയത്ത് ചന്ദ്രന്‍ ഇത്തവണ കെ.കെ. രമയോടും പരാജയപ്പെടുകയാണ്.
2016-ല്‍ ഒറ്റയ്ക്ക് മത്സരിച്ച് നേടിയ 20504 വോട്ടിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ കെ.കെ. രമ മത്സര രംഗത്ത് സജീവമായത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയായി ഇത്തവണ യു.ഡി.എഫിന്റെ പിന്തുണ കൂടി ആര്‍.എംപിക്ക് ലഭിച്ചപ്പോള്‍ വിജയം കെ.കെ. രമയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു. മണ്ഡലം പിറവിയെടുത്തത് മുതല്‍ സോഷ്യലിസ്റ്റുകളെ മാത്രം നിയമസഭയിലെത്തിച്ച ഇടതിന്റെ കോട്ടയെന്നായിരുന്നു വടകര അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഒഞ്ചിയമുള്‍പ്പെടെയുള്ള ഇടത് കോട്ടകള്‍ തകര്‍ന്ന് വീണത് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയും ആര്‍.എംപിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിറവിയോടെയുമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വടകരയില്‍ നേടിയ മേല്‍ക്കൈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ ഏറ്റില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ വീണ്ടും മാറി മറിയുകയായിരുന്നു. ടി.പിയെന്ന വൈകാരികത ഇത്തവണ വടകരയിലെ ജനങ്ങളെ മാറ്റി ചിന്തിപ്പിച്ചു. വടകരയിലെ ജനങ്ങള്‍ കെ.കെ. രമയേയും ഫുട്ബോളിനേയും ചേര്‍ത്ത് പിടിക്കുകയും ചെയ്തു.
സോഷ്യലിസ്റ്റുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ഇടതുപക്ഷത്തോടൊപ്പം എല്‍.ജെ.ഡി. ചേര്‍ന്നത് കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇടത് കണക്ക് കൂട്ടല്‍. എന്നാല്‍ അപ്പുറത്ത് കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച ആര്‍.എംപി. യു.ഡി.എഫിന് ഒപ്പം ചേര്‍ന്നതാണ് ഏറെ ഗുണകരമായത്. കൊലപാത രാഷ്ട്രീയത്തിനെതിരേ തന്നെയായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് കെ.കെ രമയുടെ ഓരോ ദിവസത്തേയും പ്രചാരണം. ഒപ്പം ടി.പി. ചന്ദ്രശേഖരനെന്ന വൈകാരിക വിഷയവും വോട്ടാക്കാന്‍ ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളിലടക്കം ടി.പി. തന്നെയായിരുന്നു നിറഞ്ഞ് നിന്നത്. ഇത് കൃത്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ കെ.കെ. രമയ്ക്കും യു.ഡി.എഫിനും കഴിയുകയും ചെയ്തു.