തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം പ്രതീക്ഷിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ക്വാറന്റീന്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ഹോം ക്വാറന്റീനാണ് സര്‍ക്കാര്‍ സംവിധാനത്തേക്കാള്‍ നല്ലത്. അത് കേന്ദ്രം അംഗീകരിച്ചത് നല്ല കാര്യമാണ്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം നേരിടാന്‍ കേരളം സജ്ജമാണ്. പ്ലാന്‍ എ , പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെ വിപുലമായ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു. കേരളത്തിന് പുറത്തുനിന്ന് കൂട്ടത്തോടെ ആളുകളെത്തുമ്പോള്‍ അവരെവിടെ നിന്ന് വരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ ക്രോഡീകരിക്കാനും മുന്‍കരുതലെടുക്കാനും ബുദ്ധിമുട്ടുണ്ടാകും. സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കാതെ സംഘടനകള്‍ ആളുകളെ കൊണ്ടുവരുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു.