തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കഴിഞ്ഞു കോവിഡ് എല്ലാം പോയി എന്ന് കരുതാതെ നിർദേശങ്ങൾ ശരിയായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയും ഭരണാധികാരം ഏൽക്കലും പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നിർവഹിക്കണമെന്നും അതിനുശേഷം വലിയ ആൾക്കൂട്ടവും പ്രകടനവും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. ‘തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ തോതിൽ ആളുകളുടെ കൂടിച്ചേരൽ ഉണ്ടായി. കോവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരും എന്ന ഭയം ഉണ്ട്. അവിടവിടെയായി കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ മീറ്റിങ്ങുകളും പരിപാടികളും നടത്താൻ പാടുളളൂ എന്ന് നിർദേശമുണ്ടായിരുന്നുവെങ്കിലും വലിയ ആൾക്കൂട്ടങ്ങൾ പലയിടത്തും ഉണ്ടായി. ഇനി വരുന്ന രണ്ടാഴ്ചക്കാലം വളരെ കരുതിയിരിക്കേണ്ടതാണ്.
തിരഞ്ഞെടുപ്പിന് ശേഷം വൻതോതിൽ വർധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ മാസ്ക് ധരിച്ചുമാത്രമേ ആൾക്കൂട്ടത്തിൽ ഇറങ്ങാവൂ. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. അകലം പാലിക്കണം.
ഇനിയുളള ദിവസങ്ങളിൽ കൂട്ടായ്മകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം തിരഞ്ഞെടുപ്പിന്റെ സമയത്ത് ആരിൽ നിന്നെങ്കിലും ആർക്കെങ്കിലും പകർന്നിട്ടുണ്ടെങ്കിൽ അത് വീണ്ടും ആളുകളിലേക്ക് പകരാൻ ഇടയാക്കും. അതുകൊണ്ട് വളരെ അത്യാവശ്യമാണെങ്കിൽ മാത്രം പുറത്തിറങ്ങുക. ഒരോ വ്യക്തിയും സെൽഫ് ലോക്കഡൗൺ പ്രഖ്യാപിക്കണം. ഷോപ്പിങ്ങിന് കുട്ടികളെയെല്ലാം കൂട്ടിപ്പോകുക, വിവാഹാഘോഷങ്ങളിൽ വലിയ പങ്കാളിത്തമുണ്ടാക്കുക, ഉത്സവാഘോഷങ്ങൾക്ക് കൂട്ടത്തോടെ പങ്കെടുക്കുക ഇതിനൊന്നും സമയമായിട്ടില്ല. ഒരു വാക്സിൻ വരുന്നത് വരെ ക്ഷമിച്ചേ മതിയാകൂ’വെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വരുന്ന ദിവസങ്ങൾ നിർണായകമാണെന്നും രോഗവ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ആരോഗ്യവകുപ്പ് കൂടുതൽ കേസുകൾ കൈകാര്യം ചെയ്യാനുളള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാൽ ക്രമാതീതമായി കേസുകൾ ഉയർന്നാൽ ആശുപത്രികളിൽ അതിനുളള സൗകര്യം ലഭിക്കാതെ വരികയും ആളുകൾക്ക് ചികിത്സ ലഭിക്കാതെ വരികയും ചെയ്യും. അതുകൊണ്ട് ഓരോ വ്യക്തിയും ശ്രദ്ധിക്കണം. സംശയം തോന്നുന്ന എല്ലാവരും ടെസ്റ്റിന് വിധേയമാകണം.തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുണ്ടാകുന്ന വർധനവിനെ ഒരു മരണകാരണമാകാതെ മാറ്റാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർന്നു.