തിരുവനന്തപുരം : കോഴിക്കോട് മരിച്ച നാല് മാസം പ്രായമുള്ള കുട്ടിക്ക് ജനിക്കുമ്പോള്‍ തന്നെ വളര്‍ച്ച കുറവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ആരോഗ്യം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. അസുഖമുള്ള കുട്ടികള്‍ക്ക് ചെറിയ സാമീപ്യം ഉണ്ടെങ്കില്‍ പോലും വൈറസ് ബാധ ഉണ്ടാകും. മൃതദേഹം പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കരിക്കുക. കുട്ടിയ്ക്ക് എങ്ങനെ കൊവിഡ് ബാധിച്ചുവെന്ന് അന്വേഷിക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് ബാധ ഒഴിഞ്ഞെന്ന് പറയാനാകില്ല. എന്നാല്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മുതിര്‍ന്ന പൗരന്മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞ മന്ത്രി കോട്ടയത്ത് അതിര്‍ത്തി കടന്ന് എത്തിയവരാണ് വീണ്ടും കൊവിഡ് കൊണ്ടു വന്നതെന്നും പറഞ്ഞു. അതിര്‍ത്തികള്‍ അടയ്ക്കുന്നത് മനുഷ്യരെ തടയാനല്ല അസുഖത്തെ തടയാനാണെന്ന് എല്ലാവരും ഓര്‍ക്കണം. മാഹി സ്വദേശിയുടെ മരണം സംസ്ഥാനത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്ന് കേന്ദ്രത്തോട് പറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലെ രോഗിയ്ക്ക് നെഗറ്റീവായത് വലിയ ആശ്വാസമാണ്. റാപ്പിഡ് ടെസ്റ്റ് കൂടുതല്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിട്ടുന്നിടത്ത് നിന്ന് മേടിക്കുക, അതിലെ ഗുണനിലവാരം നോക്കുക എന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.