തിരുവനന്തപുരം : പ്രവാസികളെ കൂട്ടത്തോടെ മടക്കി കൊണ്ടു വരാൻ ഈ ഘട്ടത്തിൽ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. തിരിച്ചു വരുന്ന പ്രവാസികളെ സ്വീകരിക്കാൻ സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. ചില ജില്ലകളിൽ 15000 പേരെ വരെ പ്രതീക്ഷിക്കുന്നുണ്ട്.
ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും എന്നാൽ അവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് ലഭ്യതക്കുറവുണ്ട്. ടെസ്റ്റ് കിറ്റുകൾ ഒരുമിച്ച് ഉപയോഗിക്കുന്നത് തെറ്റായ രീതിയാണെന്നാണ് അമേരിക്കയിലെയും ബ്രിട്ടണിലെയും അനുഭവങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാവും റാപ്പിഡ് ടെസ്റ്റിനുള്ള ആളുകളെ കണ്ടെത്തുകയെന്നും മന്ത്രി പറഞ്ഞു.