കോഴിക്കോട് : അനധികൃത വീടുനിര്‍മ്മാണക്കേസില്‍ നിന്ന് തടിയൂരാന്‍ വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി കെ എം ഷാജി എം എല്‍ എ. കോഴിക്കോട് മാലൂര്‍കുന്നിലെ വീടിനോട് ചേര്‍ന്നും ഓപ്പണ്‍ ടെറസിലും നിര്‍മിച്ച ഭാഗങ്ങളാണ് പൊളിച്ചുമാറ്റിയത്. 500 ചതുരശ്ര അടിയോളം ഭാഗമാണ് കുറച്ചത്. വീടിന്റെ നിര്‍മ്മാണം ക്രമപ്പെടുത്താനുള്ള അപേക്ഷയില്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കുന്നതിനിടെയാണിത്.
3200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മ്മിക്കാനാണ് കെ എം ഷാജിയുടെ ഭാര്യ കെ എം ആശ കോര്‍പ്പറേഷനില്‍ അനുമതി തേടിയിരുന്നത്. എന്നാല്‍ 5420 ചതുരശ്ര അടി വലുപ്പത്തിലുള്ള വീടാണ് നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിനു ശേഷം പ്ലാന്‍ പുതുക്കി നല്‍കുകയോ നികുതി അടയ്ക്കുകയോ ചെയ്തില്ല. തുടര്‍ന്നാണ് വീട് പൊളിച്ചുമാറ്റാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത്. പ്ലാനില്‍ ഇല്ലാത്ത ഭാഗങ്ങള്‍ നികുതിയടച്ച് ക്രമപ്പെടുത്താനും പിഴയടയ്ക്കാനും തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു ഇത്.
നിര്‍മ്മിച്ചതു മുതലുള്ള നികുതിയും പിഴയും അടയ്‌ക്കേണ്ടി വരുമെന്നതിനാലാണ് വീടിന്റെ അളവ് കുറയ്ക്കാന്‍ ഷാജി തീരുമാനിച്ചത്. ഓപ്പണ്‍ ടെറസില്‍ അലുമിനിയം ഷീറ്റിന്റെ മേല്‍ക്കൂരയുള്ള ഭാഗങ്ങള്‍ ഒഴിവാക്കി. വീടിന് സമീപത്തായി ഷീറ്റിട്ട് നിര്‍മ്മിച്ച മറ്റൊരു ഭാഗവും പൊളിച്ചു. സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മിതിയും ഒഴിവാക്കിയിട്ടുണ്ട്.