ദില്ലി: പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്കെതിരായ എഫ്‌ഐ ആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി സൂപ്രീം കോടതി. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നീട്ടി ചോദിച്ച് കെ എം ഷാജി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. രണ്ടാഴ്ച്ചത്തേക്ക് കേസ് നീട്ടിവെയ്ക്കണമെന്നാണ് ആവശ്യം. കെ.എം. ഷാജിയുടെ ഈ അപേക്ഷ കണക്കിലെടുത്താണ് ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി നീട്ടിവെച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ നേരത്തെ കെ എം ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് ആറ് ആഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം. വിജിലന്‍സ് കേസ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ തുടര്‍ന്നെടുത്ത ഇ ഡി കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചാണ് പ്ലസ്ടു കോഴക്കേസില്‍ കെ എം. ഷാജിക്കെതിരായ എഫ്‌ഐആര്‍ ഹൈകോടതി റദ്ദാക്കിയത്.