കൊല്ലം : സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായ പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍). വാതക രൂപത്തിലുള്ള ഓക്സിജന്‍ ആരോഗ്യവകുപ്പിന് നല്‍കുന്നതിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ ദ്രാവക രൂപത്തിലാണ് ഓക്സിജന്‍ വിതരണം.
നിലവില്‍ സിലിണ്ടറുകളില്‍ വാതക ഓക്സിജന്‍ നിറക്കുന്നതിനുള്ള സംവിധാനം കെഎംഎംഎല്ലില്‍ ഇല്ല. കോവിഡ് സാഹചര്യത്തില്‍ ഇത് പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടു. ഇറ്റലിയില്‍ നിന്ന് പുതിയ കംപ്രസര്‍ എത്തിക്കും. കംപ്രസര്‍ എത്തിയാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ വാതക രൂപത്തില്‍ ഓക്സിജന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
70 ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് കെഎംഎംഎല്ലില്‍ നിലവില്‍ ഉള്ളത്. വാതക രൂപത്തിലുള്ള ഓക്സിജന്‍ 63 ടണ്ണും ദ്രാവക രൂപത്തിലുള്ള ഓക്സിജന്‍ ഏഴ് ടണ്ണുമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. വാതക രൂപത്തിലുള്ളത് സ്ഥാപനത്തിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിനായിട്ടാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ദ്രാവക രൂപത്തിലുള്ള ഓക്സിജനാണ് ആരോഗ്യമേഖലയ്ക്ക് നല്‍കുന്നത്.
സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം നിലവില്‍ ഇല്ല. പക്ഷെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ 1000 മെട്രിക്ക് ടണ്‍ ഓക്സിജന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. രാവിലെ ആറ് മുതല്‍ 16-ാം തിയതി അര്‍ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍.