തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവാണ്. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകള്‍ പോലും കെട്ടിയിട്ടിരിക്കുകയാണെന്നും കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ഫണ്ടില്‍ വലിയ വെട്ടിക്കുറവ് ആണ് സംഭവിക്കുന്നത്. കേരളത്തിന് നികുതി ഇനത്തില്‍ ലഭിക്കേണ്ട വിഹിതത്തില്‍ വലിയ കുറവുണ്ടായി. വാസ്തവത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കാരണം കടമെടുപ്പ് പരിധിയില്‍ 40000 കോടിയുടെ വെട്ടിക്കുറവാണ് സംഭവിച്ചിരിക്കുന്നതെന്നും ബാലഗോപാല്‍ വിമര്‍ശിച്ചു.
റവന്യു കമ്മി ഗ്രാന്റില്‍ 8000 കോടി വെട്ടിക്കുറച്ചു. വിരലുകള്‍ വച്ച് കെട്ടി മൊത്തം പ്ലാസ്റ്റര്‍ ഇട്ട ശേഷം എന്തെങ്കിലുമൊക്കെ ചെയ്യാനാണ് കേന്ദ്രം പറയുന്നത്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതില്‍ യുഡിഎഫ് എംപിമാര്‍ എന്താണ് ചെയ്യുന്നത് എംപിമാരെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനം അനുസരിച്ച് കേന്ദ്ര ധനമന്ത്രിയെ കാണാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ കേരളത്തിന് ലഭിക്കേണ്ട ഫണ്ട് ആവശ്യപ്പെടുന്നതിനായി മുന്‍ ധാരണ പ്രകാരം കേന്ദ്രധനമന്ത്രിയെ കാണാന്‍ പോയ കൂട്ടത്തില്‍ ഒരു യുഡിഎഫ് എംപി പോലും ഉണ്ടായിരുന്നില്ലെന്നും കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു.