തിരുവനന്തപുരം : രണ്ട് ലക്ഷം കോടിയോളം നിക്ഷേപമുള്ള സഹകരണ പ്രസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ചില കഴുകന്മാര്‍ വട്ടംചുറ്റുന്നുണ്ടെന്നും അവര്‍ക്ക് സഹായകമായ നടപടികളുണ്ടാകരുതെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി നല്‍കവെ പ്രതിപക്ഷാംഗങ്ങളുടെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ മറുപടി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഹകരണ പ്രസ്ഥാനത്തെ ആകെ തള്ളിപ്പറയുന്ന രീതി ശരിയല്ല. തെറ്റ് ചെയ്തവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്.
പ്രതിസന്ധി സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിച്ചു. ജി.എസ്.ടി കളക്ഷനില്‍ വലിയ കുറവുണ്ടാകും. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ നികുതി അടക്കുന്ന സംവിധാനത്തില്‍ ഇളവ് കൊടുക്കേണ്ടിവരും. അതിനാല്‍ ലഭിക്കേണ്ട നികുതി താമസിക്കും. ആ സാഹചര്യത്തില്‍ കടം എടുക്കേണ്ടിവരും. എന്നാല്‍ കടം എടുക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട ടാക്സ്പൂളിലും കുറവ് വരുത്തി.
ഖജനാവ് ഉപയോഗിച്ച് സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന പുതിയ സംവിധാനവും കേന്ദ്രം നടപ്പാക്കുന്നു. ജനസംഖ്യ, വികസനകാര്യങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് നമുക്ക് ലഭിക്കേണ്ട വിഹിതം കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന സെസില്‍ നിന്നുള്ള വിഹിതവും സംസ്ഥാനത്തിന് ലഭ്യമാക്കുന്നില്ല. ജി.എസ്.ടി വിഹിതം മുന്‍വര്‍ഷങ്ങളിലെ 3107 കോടിയോളം കിട്ടാനുണ്ട്. കോവിഡ് മൂലം നികുതിവരുമാനം 11,826 േകാടിയില്‍നിന്ന് 4929 കോടിയായി കുറഞ്ഞു.
ഈ പ്രതിസന്ധികള്‍ക്കിടയിലും ജനക്ഷേമത്തിന് സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കുന്നുണ്ട്. പെന്‍ഷനും കിറ്റും ഉള്‍പ്പെടെ 2030 രൂപ നിരക്കില്‍ പ്രതിവര്‍ഷം ഒരാള്‍ക്ക് 24,360 രൂപ നിരക്കില്‍ 55 ലക്ഷം പേര്‍ക്കും പെന്‍ഷന്‍ ലഭിക്കാത്ത 35 ലക്ഷം പേര്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നുണ്ട്. മോറട്ടോറിയം സംബന്ധിച്ച കാര്യങ്ങളില്‍ ബാങ്കുകളുമായി ചര്‍ച്ചയും നടത്തും. വ്യാപാരികള്‍ക്ക് നോട്ടീസ് അയക്കുന്നത് തുടരുമെങ്കിലും അവരെ ദ്രോഹിക്കുന്ന നടപടികളുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.