ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി എത്തിയത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍. കഴിഞ്ഞ ദിവസമാണ് മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉന്നതി നിവാസികളും ചേര്‍ന്ന് ഓണം ആഘോഷിച്ചത്. കോന്നി ഡി.വൈ.എസ്.പി എം.എ.അബ്ദുൽ റഹീം ആയിരുന്നു സ്റ്റേഷനിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്തത്. കൊച്ചാണ്ടി ഉന്നതി നിവാസികള്‍ സ്റ്റേഷനിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട് എന്നറിഞ്ഞ ഡി.വൈ.എസ്.പി മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഇവിടേയ്ക്ക് എത്തിച്ചേരുകയായിരുന്നു. ഉന്നതിയിലെ കുരുന്നുകളെ ഒപ്പം ചേര്‍ത്ത് നിര്‍ത്തി ഡി.വൈ.എസ്.പി നിലവിളക്ക് വിളക്ക് തെളിയിച്ചത് കുട്ടികള്‍ക്കും പുതിയൊരു അനുഭവമായിരുന്നു.
മൂഴിയാര്‍ എസ്.എച്ച്.ഓ ആര്‍.രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം ഉന്നതിയിലെത്തി ഉന്നതിവാസികളെ നേരില്‍ കാണുകയും ഉന്നതിയിലെ ദുരിതാവസ്ഥ മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഓണം ആഘോഷിക്കുവാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. സ്റ്റേഷനിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുവാന്‍ ഉന്നതി നിവാസികളെ ക്ഷണിച്ചിട്ടാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഇതനുസരിച്ചാണ് ആദിവാസി ഉന്നതിയിലെ 15 ഓളം നിവാസികൾ മൂഴിയാർ പോലീസ് സ്റ്റേഷനിൽ എത്തിയത്. ഉന്നതിയിലെ കുട്ടികളുടെ ആവശ്യപ്രകാരം ഓണ അവധിക്ക് ശേഷം സ്കൂളിൽ എത്തുന്നതിനുള്ള വാഹനസൗകര്യവും ഏർപ്പെടുത്തി നൽകാമെന്ന് എസ്.എച്ച്.ഓ ഉറപ്പ് നൽകി. ഉന്നതിയിലെ കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാവരും പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികൾ പങ്കെടുക്കുകയും ഓണസദ്യ കഴിക്കുകയും ചെയ്ത ശേഷം സന്തോഷത്തോടെയാണ് തിരികെ മടങ്ങിയത്.






























