കൊച്ചി: പുത്തന്‍ വാണിജ്യ സമുച്ചയം നിര്‍മിക്കുന്നതോടെ വമ്പന്‍ മേക്കോവറിന് തയ്യാറെടുക്കുകയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം. 122.40 കോടി രൂപ ചെലവില്‍ വാണിജ്യ സമുച്ചയം പണിയാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ് സിയാല്‍. മള്‍ട്ടിപ്ലക്‌സ്, റീട്ടെയില്‍ ഷോപ്പുകള്‍, അക്വേറിയം, ഫണ്‍ സോണുകള്‍, 300 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയാണ് കൊമേര്‍ഷ്യല്‍ സ്‌പേസ് പണികഴിപ്പിക്കുന്നത്. അന്താരാഷ്ട്ര ടെര്‍മിനലിന് മുന്നിലായിട്ടാണ് നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നത്.രണ്ട് വര്‍ഷം കൊണ്ട് മൊത്തം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന രീതിയിലായിരിക്കും കരാര്‍ നല്‍കുക. 2026ല്‍ പണി പൂര്‍ത്തിയാക്കണം. ബാഹ്യ അലങ്കാരങ്ങള്‍, എലിവേറ്ററുകള്‍, ഇന്റീരിയര്‍ സ്ട്രക്ച്ചര്‍ പാര്‍ട്ടീഷനുകള്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ് സംവിധാനങ്ങള്‍ തുടങ്ങി എല്ലാ അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വാണിജ്യ സമുച്ചയത്തില്‍ സിയാല്‍ സജ്ജമാക്കും.
അത്യാധുനിക എയര്‍ കണ്ടീഷനിംഗിനുള്ള സംവിധാനങ്ങളും പ്രോജക്റ്റിന്റെ ഭാഗമായി സിയാല്‍ ഒരുക്കും.അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകള്‍ക്കിടയിലായി ബിസിനസ് ടെര്‍മിനലിനോട് ചേര്‍ന്ന് ലക്ഷ്വറി എയ്റോ ലോഞ്ച് എന്ന പേരില്‍ സിയാല്‍ നിര്‍മ്മിക്കുന്ന താമസ സൗകര്യത്തിനുളള സംവിധാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഉടന്‍ തന്നെ ഇതിന്റെ ഉദ്ഘാടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് സിയാല്‍ അധികൃതര്‍. ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലിലുകളിലേക്ക് ഇവിടെ നിന്ന് 2 മിനിറ്റ് ദൂരം മാത്രമേയുള്ളൂവെന്നത് യാത്രക്കാര്‍ക്കും ഗുണകരമാകും.