കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപടികളുമായി കൊച്ചി സിറ്റി പോലീസ്. കമീഷണർ എ. അക്ബറിന്റെ നിർദേശപ്രകാരം സർവിസ് ബസുകളിലും ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാൻഡുകളിലും ഇനി മുതൽ കൊച്ചി സിറ്റി വനിത സെൽ ഇൻസ്പെക്ടറുടെയും വനിത സ്റ്റേഷൻ സബ് ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ വനിത പോലീസ് ഉദ്യോഗസ്ഥരെ യൂനിഫോമിലും മഫ്തിയിലും നിയോഗിക്കും. പാർക്ക്, ബീച്ച്, ബസ്റ്റോപ്പുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം ഡ്യൂട്ടിക്കായി നിയോഗിക്കും.
വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന ഇടങ്ങളിൽ പിങ്ക് പൊലീസ് പട്രോളിങും ഉണ്ടാകും. സ്കൂൾ, കോളജ് വിദ്യാർഥികളുടെ സുരക്ഷയുടെ ഭാഗമായി ക്ലാസ് ആരംഭിക്കുന്ന സമയത്തും അവസാനിക്കുന്ന സമയത്തും പരിസരത്ത് പോലീസ് സാന്നിധ്യം ഉറപ്പാക്കും. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി പ്രത്യേക പരിശോധന നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ പ്രവർത്തിക്കുന്ന കടകളിൽ ഇവിടെ ‘ലഹരി പദാർഥങ്ങൾ വിൽക്കുന്നതല്ല’ എന്ന ബോർഡ് സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.