പത്തനംതിട്ട : കൊച്ചിയിലെ വ്യാജ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യം പത്രത്തിന്റെ മുന്‍പേജില്‍ നല്‍കി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ച മലയാള മനോരമക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി പ്രകാശ് ഇഞ്ചത്താനം ആവശ്യപ്പെട്ടു.
ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയ സ്ഥിതിക്ക് തട്ടിപ്പ് സ്ഥാപനത്തിന്റെ പരസ്യം എല്ലാ എഡിഷനുകളിലും മുന്‍പേജില്‍ വലിയ പ്രാധാന്യത്തോടെ നല്‍കി മലയാള മനോരമയും ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ക്ക് ഏറെ വിശ്വാസമുള്ള മനോരമ പത്രം അതിന്റെ മുന്‍പേജിലെ മുഴുവന്‍ സ്ഥലവും ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് പരസ്യത്തിന് നല്‍കുകയായിരുന്നു. പത്രധര്‍മ്മം മറന്നുകൊണ്ട് എങ്ങനെയും പണം സമ്പാദിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍ ഉള്ളതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ജൂലൈ 20നായിരുന്നു പത്രപ്പരസ്യം. മനോരമയോടൊപ്പം മറ്റു ചില പത്രങ്ങളിലും ഇപ്രകാരം പരസ്യം ഉണ്ടായിരുന്നു. പരസ്യത്തിലൂടെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ചതിയില്‍പ്പെടുത്തി കോടികള്‍ തട്ടിയെടുക്കാനുള്ള സംഘടിതമായ ശ്രമം ഇതിന്റെ പിന്നില്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരസ്യത്തിലൂടെ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം കുത്സിത ശ്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുവാന്‍ വിദ്യാര്‍ഥി സംഘടനകളും നിയമപോരാട്ടം നടത്തുവാന്‍ അഭിഭാഷകരും മുന്നോട്ടു വരണമെന്ന് പ്രകാശ് ഇഞ്ചത്താനം അഭ്യര്‍ഥിച്ചു.
ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് കൊച്ചിയില്‍ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നല്‍കിയിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ സെക്രട്ടറിയാണ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത് . കൊച്ചി ക്യാമ്പസിലെ കോഴ്‌സുകള്‍ നിര്‍ത്തിവെയ്ക്കാനും യു.ജി.സി നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യു.ജി.സി.അംഗീകാരമില്ലെന്നും വിദ്യാര്‍ത്ഥികള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. യൂണിവേഴ്‌സിറ്റിയുടെ തെറ്റായ നീക്കത്തിനെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ യു.ജി.സിയോട് ആവശ്യപ്പെട്ടിരിക്കുകയുമാണ്.
പത്രത്തിന്റെ പേജുകളില്‍ വ്യാജ പരസ്യങ്ങള്‍ യഥേഷ്ടം കാണാം. സര്‍വരോഗ സംഹാരിയായ പൊടിയുടെയും ധനാകര്‍ഷണ യന്ത്രങ്ങളുടെയും പരസ്യങ്ങള്‍ വെറും തട്ടിപ്പാണ്. ജൂവലറിക്കാരും പത്രക്കാരും ചേര്‍ന്നൊരുക്കിയ അക്ഷയ തൃതീയ സ്വര്‍ണ്ണക്കച്ചവടവും വന്‍ തട്ടിപ്പാണ്. ഏതോ ബിസിനസ് മാനേജ്മെന്റ് വിദഗ്ദന്റെ തലയില്‍ ഉദിച്ച ബുദ്ധിയാണിതെന്നും പത്രങ്ങളും ചാനലുകളുമാണ് ഇക്കാര്യം ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. പഴയ തലമുറയില്‍ അക്ഷയ തൃതീയ സ്വര്‍ണ്ണക്കച്ചവടം ഉണ്ടായിരുന്നില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത് പരസ്യത്തിലൂടെ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയായിരുന്നു. പണമുണ്ടെങ്കില്‍ ആര്‍ക്കും ഏതു ദിവസവും സ്വര്‍ണ്ണം വാങ്ങാം. പ്രത്യേക ദിവസം വാങ്ങിയതുകൊണ്ട് ഭാഗ്യം ആരെയും തേടിവരില്ല. അങ്ങനെയെങ്കില്‍ ഭാഗ്യക്കുറി വാങ്ങാനും ഒരു ദിവസം പ്രഖ്യാപിച്ചാല്‍ വാങ്ങുന്ന ഏല്ലാവര്‍ക്കും കോടീശ്വരന്‍മാര്‍ ആകുവാന്‍ സാധിക്കും. പരസ്യത്തിലൂടെയുള്ള തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗരൂഗരായിരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി പ്രകാശ് ഇഞ്ചത്താനം അഭ്യര്‍ഥിച്ചു.