കൊച്ചി: സെപ്തംബര്‍ ഇരുപത്തിയൊന്നാം തീയതി, വ്യാഴാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ മെട്രോ സ്റ്റേഷനില്‍ (ജെഎല്‍എന്‍ സ്റ്റേഡിയം) നിന്ന് അധിക സര്‍വ്വീസ് ഒരുക്കി കൊച്ചി മെട്രോ. ഈ സീസണിലെ ആദ്യ ദിനം 30 അധിക സര്‍വ്വീസുകളാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. ഏഴ് മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വ്വീസ് നടത്തുക. രാത്രി 10 മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കും.
ടിക്കറ്റ് വാങ്ങുന്നതിനായുള്ള നീണ്ട ക്യൂ ഒഴിവാക്കാനായി, മത്സരശേഷം തിരികെ യാത്ര ചെയ്യുന്നവര്‍ക്ക് മടക്കയാത്രക്കുള്ള ടിക്കറ്റ് മുന്‍കൂട്ടി വാങ്ങാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കളി കാണാന്‍ എത്തുന്നവര്‍ക്കു രാത്രി വൈകിയും മടക്കയാത്ര നടത്തുന്നതിനായി മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം, ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് രാത്രി 11.30 വരെയാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള പ്രത്യേക ക്രമീകരണങ്ങളും മെട്രോ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.