കൊച്ചി : തമിഴ്‌നാട് സ്വദേശിയെ കുത്തിക്കൊന്ന കേസില്‍ സുഹൃത്ത് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി നടരാജനെ കടവന്ത്ര ജംഗ്ഷനില്‍ ഫുട് പാത്തില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് തമിഴ്‌നാട്, കരൂര്‍, കപ്രപെട്ടി സ്വദേശി തങ്കരശ്(സിന്തിക്കെട്ട്) എന്നയാളെ എറണാകുളം എസിപി നിസാമുദ്ദീന്റെ നേതൃത്വത്വത്തില്‍ എറണാകുളം സൗത്ത് സി ഐ ഫൈസല്‍, എസ് ഐ അജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ചോറ്റാനിക്കരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കുത്തേറ്റ് ഫുട്പാത്തില്‍ കിടന്നിരുന്ന നടരാജനെ കടവന്ത്രയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ കടവരാന്തകളിലും മറ്റും കിടന്നിരുന്ന പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കടവരാന്തകളും ബാറുകളും റെയില്‍വേ സ്‌റ്റേഷനുകളും ബസ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. നടരാജനോടുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.